വിരലില്‍ സ്റ്റീല്‍ മോതിരം കുടുങ്ങി, പഴുപ്പ് ബാധിച്ചു; ഒടുവില്‍ രക്ഷകരായി കൊയിലാണ്ടി ഫയര്‍ ഫോഴ്സ് (വീഡിയോ)


കൊയിലാണ്ടി: കൈവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്‌നിരക്ഷാ വിഭാഗം ജീവനക്കാര്‍ സുരക്ഷിതമായി മുറിച്ച് നീക്കി. അന്നശ്ശേരി സ്വദേശി സന്ദീപിന്റെ വിരലിലാണ് മോതിരം കുടുങ്ങിയത്.

മൂന്നു ദിവസം മുമ്പാണ് സന്ദീപ് മോതിരം വിരലിലിട്ടത്. എന്നാല്‍ പിന്നീട് ഊരിയെടുക്കാന്‍ കഴിയാത്ത വിധം മോതിരം വിരലില്‍ കുടുങ്ങുകയും വിരല്‍ പഴുക്കുകയുമായിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലെത്തിയ സന്ദീപിനോട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസിനെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇന്ന് ഉച്ചയോടെയാണ് സഹായത്തിനായി സന്ദീപ് കൊയിലാണ്ടി അഗ്‌നിരക്ഷാസേനയുടെ ഓഫീസില്‍ എത്തിയത്. വിരലില്‍ പഴുപ്പ് കണ്ടതോടെ സന്ദീപിനെ ആദ്യം തൊട്ടടുത്തുള്ള നെസ്റ്റ് ക്ലിനിക്കില്‍ എത്തിച്ചു.

പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മനോജ് പി.കെ ക്ലിനിക്കിലെ ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ മോതിരം സുരക്ഷിതമായി മുറിച്ച് നീക്കുകയായിരുന്നു. കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസില്‍ നിന്ന് കൊണ്ടുവന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് മോതിരം മുറിച്ചെടുത്തത്.

മോതിരം വിരലില്‍ നിന്ന് നീക്കാന്‍ സഹായിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ക്കും ക്ലിനിക്കിലെ ജീവനക്കാര്‍ക്കും നന്ദി പറഞ്ഞിട്ടാണ് സന്ദീപ് തിരികെ പോയത്.