വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടത്തി, എയര്‍പോട്ട് കോമ്പൗണ്ടില്‍ നിന്ന് സ്വര്‍ണവുമായി മൂന്ന് പേര്‍ പിടിയില്‍


കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു പുറത്തെത്തിച്ച സ്വര്‍ണവുമായി പോകുമ്പോള്‍ ടോള്‍ ബൂത്തിനു സമീപത്ത് പ്രിവന്റീവ് കസ്റ്റംസ് സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്നു കരിപ്പൂരിലെത്തിയ മലപ്പുറം തെന്നല സ്വദേശി ഉസൈദില്‍നിന്നാണു സ്വര്‍ണം പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച 22 ലക്ഷം രൂപയുടെ 480.79 ഗ്രാം സ്വര്‍ണമിശ്രിതമാണ് കണ്ടെടുത്തത്.


വിമാനത്താവളത്തില്‍നിന്നുപരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഉസൈദിനെയും കൊണ്ട് മറ്റു രണ്ടു പേര്‍ കാറില്‍ പുറത്തേക്കു പോകുമ്പോള്‍ ടോള്‍ബൂത്തിനു സമീപം വാഹനം തടയുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണു പ്രിവന്റീവ് സംഘം പരിശോധനയ്‌ക്കെത്തിയത്. 3 പേരെയും കസ്റ്റഡിയിലെടുത്തു.


കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി.രാജന്റെ നിര്‍ദേശ പ്രകാരം സൂപ്രണ്ടുമാരായ സി.സുരേഷ് ബാബു, കെ.കെ.പ്രവീണ്‍കുമാര്‍, കെ.പ്രേംജിത്, സന്തോഷ് ജോണ്‍, ഇന്‍സ്‌പെക്ടര്‍മാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസല്‍, സി.ജയദീപ്, ഹര്‍ഷിത് തിവാരി, ഹെഡ് ഹവില്‍ദാര്‍ എം.സന്തോഷ് കുമാര്‍, ഇ.വി.മോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.