‘വിമാനത്താവളങ്ങളിൽ നടക്കുന്നത് ചൂഷണം; കോവിഡ് റാപ്പിഡ് ടെസ്റ്റുകളുടെ പേരില്‍ പ്രവാസികള്‍ക്കുണ്ടാകുന്ന നഷ്ടം ആര് തിരിച്ച് നല്‍കും?’ സ്വന്തം അനുഭവത്തിലൂടെ വിഷയം ശ്രദ്ധയില്‍പ്പെടുത്തി അഷ്‌റഫ് താമരശ്ശേരി


കോഴിക്കോട്: എയര്‍പോര്‍ട്ടുകളില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റുകളുടെ പേരില്‍ പ്രവാസികള്‍ നേരിടുന്ന ചൂഷണം സ്വന്തം അനുഭവത്തിലൂടെ വിവരിച്ച് പ്രവാസി സന്നദ്ധ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. നിലവാരമില്ലാത്ത മെഷീനുകള്‍ വെച്ച് റാപ്പിഡ് ടെസ്റ്റുകള്‍ നടത്തി പാവപ്പെട്ട പ്രവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് ഇവിടുത്തെ സംവിധാനമെന്ന് അഷ്‌റഫ് താമരശേരി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കഴിഞ്ഞദിവസം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ അദ്ദേഹം ചടങ്ങ് കഴിഞ്ഞ് തിരിച്ച് ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നതിനു മുന്നോടിയായി റാപ്പിഡ് ടെസ്റ്റ് ചെയ്തിരുന്നു. 2490രൂപ ഇതിനായി ഈടാക്കുകയും ചെയ്തു. ഫലം പോസിറ്റീവായതിനാല്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചു. 24 മണിക്കൂര്‍ മുമ്പ് ഷാര്‍ജയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ എടുത്തത് നെഗറ്റീവായിരുന്നുവെന്നതിനാല്‍ റാപ്പിഡ് ടെസ്റ്റ് ഫലത്തില്‍ സംശയം തോന്നിയ അദ്ദേഹം നെടുമ്പാശേരിവഴി യാത്ര ചെയ്യാന്‍ ശ്രമിച്ചു. അവിടെ ടെസ്റ്റിന് വിധേയമായപ്പോള്‍ ഫലം നെഗറ്റീവ്. ഈ അനുഭവം വിവരിച്ചുകൊണ്ടാണ് നിലവാരമില്ലാത്ത പരിശോധനാ ഉപകരണങ്ങള്‍ പ്രവാസികള്‍ക്കു സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞത്.

യു.എ.ഇയ്ക്ക് മാത്രം റാപ്പിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഈ അടുത്തകാലത്താണ് നിയമം വന്നത്. ആദ്യം മൂവായിരം രൂപയായിരുന്നു ഇതിനായി വാങ്ങിയിരുന്നത്. ഇപ്പോഴത് 2500 ആക്കി. കോഴിക്കോട് വിമാനത്താവളത്തില്‍ 1500 രൂപയാണ്. ഇവിടെ നടത്തുന്ന പരിശോധനകളില്‍ പോസിറ്റീവാണെന്നു കണ്ട് പല പ്രവാസികളും തിരിച്ചുപോയിട്ടുണ്ട്. അവര്‍ക്ക് ടിക്കറ്റും നഷ്ടപ്പെടുകയാണ്. ടിക്കറ്റിന് ഇപ്പോള്‍ അധിക ചാര്‍ജാണ്. കടവും മറ്റും വാങ്ങി ടിക്കറ്റ് എടുത്തവരാണ് പലപ്പോഴും ഇതുപോലെ മടങ്ങേണ്ടിവരുന്നത്. മാനസികമായ പ്രയാസങ്ങള്‍ വേറെയും നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റുകള്‍ക്ക് പൈസ ഒഴിവാക്കികൊടുക്കുകയും ഫലം പോസിറ്റീവായി യാത്ര മുടങ്ങുന്നവര്‍ക്ക് ടിക്കറ്റ് നഷ്ടമായാല്‍ അതിന്റെ തുക സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാവുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റിക്കൊടുക്കുകയോ ചെയ്യണം. അങ്ങനെയൊരു സംവിധാനം സര്‍ക്കാര്‍ കൊണ്ടുവന്നേ പറ്റൂ. ഇല്ലെങ്കില്‍ പ്രവാസികള്‍ ഒന്നുകൂടി പട്ടിണിയില്‍ ആവുകയേ ഉള്ളൂവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.