വിപ്ലവത്തിന്റെ മണ്ണ് ഇനിയും ചുവന്നു തുടുക്കും: അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺ​ഗ്രസിന് കണ്ണൂ‍ർ ആതിഥ്യമരുളും


ഡൽഹി: അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺ​ഗ്രസിന് കണ്ണൂ‍ർ ആതിഥ്യമരുളും. ദില്ലിയിൽ ചേ‍ർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോ​ഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺ​ഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്. കൊവിഡ് സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ ആശങ്കയുണ്ടെന്നാണ് സൂചന.

മൂന്നാം തരം​ഗം അടക്കം സ്ഥിതി മോശമായാൽ ഉചിതമായ തീരുമാനം ആ ഘട്ടത്തിലെടുക്കാം എന്ന ധാരണയിലാണ് കണ്ണൂരിനെ വേദിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

നിലവിലെ രാഷ്ട്രീയ സാഹചര്യവും ബം​ഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോ​ഗത്തിൽ ധാരണയായി. തലമുറമാറ്റമടക്കം കേരളത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും കേന്ദ്രകമ്മിറ്റി ശരിവച്ചു. ‌

അതേസമയം പശ്ചിമബം​ഗാളിലെ രാഷ്ട്രീയ നയങ്ങളിലും തീരുമാനങ്ങളിലും ബം​ഗാൾ ഘടകത്തിനെതിരെ വലിയ വിമർശനമുണ്ടായി. കോൺ​ഗ്രസുമായി സഖ്യം വേണ്ടായിരുന്നുവെന്ന നിലപാടുകൾ കേന്ദ്രകമ്മിറ്റിയിൽ ചിലർ ഉയർത്തി. പശ്ചിമബം​ഗാളിൽ തിരിച്ചു വരാൻ എന്താണ് വേണ്ടതെന്ന കാര്യം പാർട്ടി സമ്മേളനങ്ങളിൽ കാര്യമായി ചർച്ച ചെയ്യണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.

ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺ​ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് ന​ഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺ​ഗ്രസ് ചേർന്നിരുന്നു. പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട്.