വിനോദസഞ്ചാരികളെ കാത്ത് പ്രകൃതി സൗന്ദര്യത്തിന്റെ റാണി; കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തിന്റെ വിശേഷങ്ങള്‍


ത്തരകേരളത്തിലെ പരിസ്ഥിതിവിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേരളത്തിന്റെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരം. മഴക്കാടുകളും ചോലവനങ്ങളും നടന്നുകയറി മാനിമല പുല്‍മേടിന്റെ സൗന്ദര്യം ആസ്വദിക്കാനാണ് വിനോദസഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. ഇവിടെനിന്ന് നോക്കിയാല്‍ അങ്ങ് ദൂരെ ഒരുപൊട്ടുപോലെ പാണത്തൂര്‍ ടൗണ്‍.

ഒരുഭാഗത്ത് അതിര്‍ത്തി പങ്കിടുന്ന തലക്കാവേരി വന്യജീവിസങ്കേതത്തിന്റെ കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചയും താഴ്വരയുടെ മോഹിപ്പിക്കുന്ന പച്ചപ്പും ചെറുകാടുകള്‍ക്കിടയില്‍ മേഞ്ഞുനടക്കുന്ന കലമാന്‍ കൂട്ടങ്ങളും മറ്റ് വന്യമൃഗങ്ങളും. റാണിപുരത്തെത്തിയാല്‍ പ്രകൃതിയുടെ ഈ സുന്ദരക്കാഴ്ചകള്‍ നമുക്കു സ്വന്തം.

പശ്ചിമഘട്ട മലനിരകളില്‍ പെടുന്നതും സമുദ്രനിരപ്പില്‍നിന്ന് 1060 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതുമായ ‘കേരളത്തിന്റെ ഊട്ടി’ എന്നറിയപ്പെടുന്ന റാണിപുരം കാസര്‍കോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ്. കാഞ്ഞങ്ങാട്പാണത്തൂര്‍ സംസ്ഥാനപാതയിലെ പനത്തടി ടൗണില്‍നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. കാഞ്ഞങ്ങാട്ട് നിന്ന് 45 കിലോമീറ്ററാണ് ദൂരം. കര്‍ണാടകയില്‍ നിന്ന് വരുന്നവര്‍ക്ക് മടിക്കേരിവാഗമണ്ഡലംപാണത്തൂര്‍ വഴി 100 കിലോ മീറ്റര്‍ സഞ്ചരിക്കണം. കാഞ്ഞങ്ങാട്ടുനിന്ന് റാണിപുരത്തേക്ക് ഒരു സ്വകാര്യബസ്സും ഒരു കെ.എസ്.ആര്‍.ടി.സി.യും സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ പനത്തടി ടൗണില്‍നിന്ന് ടാക്സിവാഹനങ്ങളും സര്‍വീസ് നടത്തുന്നു.

റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം ഊട്ടിയോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ അത്രയും തടാകങ്ങളൊന്നും റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ് റാണിപുരം മലനിരകള്‍. രണ്ട് മലകയറ്റ പാതകള്‍ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങള്‍ക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയില്‍ ഇടയ്ക്കിടക്കായി മലചെത്തിയ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളില്‍ (”മാനി”യില്‍) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. റാണിപുരത്തിന്റെ മനോഹാരിത ആസ്വദിക്കണമെങ്കില്‍ പുലര്‍ച്ചെ മാനിമല കയറണം.

 

ഇതിനായെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടേജ് സൗകര്യമുണ്ട്. മുന്‍കൂട്ടി അറിയിച്ചാല്‍ ഭക്ഷണസൗകര്യമടക്കം ഇവിടെ തയ്യാറാക്കിനല്കുന്നു. കൂടാതെ പ്രദേശത്ത് സ്വകാര്യവ്യക്തികള്‍ കോട്ടേജുകളും താമസഭക്ഷണസൗകര്യവും ഒരുക്കിനല്കുന്നുണ്ട്. ഇതോടൊപ്പം ലഘുഭക്ഷണശാലകളും വാഹന പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.