വിനയം, ലളിതം ഗുരു



മണി ശങ്കർ

പത്തിരുപത്തെട്ട് കൊല്ലം മുമ്പാണ്. അതുകൊണ്ട് സ്ഥലോം തിയ്യതീം ശരിയാകണമെന്നില്ല. അല്ലെങ്കിൽ സ്ഥലത്തിനും തിയ്യതിക്കും ഇവിടെയെന്ത് പ്രസക്തിയെന്നത് വേറെക്കാര്യം. ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി യെന്നോ ചേമഞ്ചേരി യു.പിയെന്നോ നമുക്ക് സ്ഥലത്തെ വിളിക്കാം.

അവിടെയൊരു അഭിനയ കളരി നടക്കുകയാണ്. പ്രതിഭകളായ ധാരാളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. അവരെ സദസിൽ ഇരുത്തി ധാരാളം പ്രദേശിക മഹാരഥന്മാർ ഉദ്ഘാടകൻ, ആശംസകർ എന്നിങ്ങനെ വേദിയിൽ നിറഞ്ഞാടി. പിന്നീട് കുട്ടികളുടെ ഊഴമായിരുന്നു. അപ്പോഴും വേദിയിലെ കസേര വിടാൻ വേദിയിലെ മഹാരഥന്മാർ പലരും തയ്യാറായില്ല. അന്നേരമാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അപ്രതീക്ഷിതമായി അവിടെയെത്തുന്നത്.

ഗുരുവിനെ സ്വീകരിക്കാനായി സദസ്സും വേദിയും ഒരു പോലെ എഴുന്നേറ്റു. എല്ലാവരോടുമായി കുഞ്ഞിന്റെ നിഷ്കളങ്കമായ ആ ചിരിതൂവി…കൈകൂപ്പി… ഭൂമിയിലെ സകല ജീവജാലങ്ങൾക്കും വിധേയനായവന്റെ വിനയത്തോടെ വന്ന ഗുരുവിനെ വേദിയിലേയ്ക്ക് ആനയിക്കാനായി അവിടെയൊരു മത്സരം തന്നെ നടന്നു. അവരുടെ സ്നേഹനിർബന്ധങ്ങളെ എളിമയോടെ നിരസിച്ച് ഗുരു പറഞ്ഞു:
“ദ… ഇവിടെ ഇരുന്നാലെ ശരിക്കും അസദിക്കാൻ കഴിയൂ…. ” അതും പറഞ്ഞ് ആരുടെയും സമ്മതത്തിനും കാത്ത് നില്ക്കാതെ വേദിയുടെ തൊട്ടു മുന്നിൽ ഒറ്റ ഇരിപ്പ്.

പിന്നെ കണ്ണും കാതും മനസ്സും കൂർപ്പിച്ച് കുട്ടികളുടെ അഭിനയത്തിൽ മുഴുകി.
അതാണ് ഗുരു. കഥകളിയുടെ ലോകത്ത് ഗുരുവിനോളം പോന്നവരേയും അതിനേക്കാൾ മികച്ചവരേയും കണ്ടേയ്ക്കാം. എന്നാൽ മുന്നിൽ വരുന്നവർ ആരായാലും അവരെത്ര വലിയവരും ചെറിയവരും ആയാലും ഒരേ മട്ടിൽ… വിനയാന്വതനായി… കൈകൂപ്പി എതിരേല്ക്കുന്ന ഒറ്റ ഗുരുവേ ഉണ്ടായിരുന്നുള്ളൂ.. അത് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ആയിരുന്നു. അതെ, പ്രതിഭകളുടെയും ഇടയിലെ ഏറ്റവും ലളിതമായ വ്യക്തിത്വത്തെയാണ് ഗുരുവിന്റെ വിയോഗത്തിലൂടെ നമുക്ക്നഷ്ടമായത്.