വിധവകളായ സ്ത്രീകളുടെ മക്കളുടെ പഠനത്തിന് ധന സഹായം നല്‍കുന്ന ‘പടവുകള്‍’ പദ്ധതിയുടെ പട്ടിക തയ്യാറാക്കി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (26/11/2021)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പടവുകൾ പദ്ധതി പട്ടിക തയ്യാറാക്കി

വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി അവരുടെ മക്കളിൽ വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫിസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് ആവിഷ്കരിച്ച ‘പടവുകൾ’ ധനസഹായ പദ്ധതി ആനുകൂല്യത്തിന് ഈ വർഷം അപേക്ഷിച്ചവരിൽ അർഹരായവരുടെ പട്ടിക തയ്യാറാക്കി. 20 അപേക്ഷകളാണ് പരിഗണിച്ചതെന്ന് എഡിഎം സി.മുഹമ്മദ് റഫീഖിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ അറിയിച്ചു.

വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ ഓൺലൈനായാണ് അപേക്ഷ ക്ഷണിച്ചത്. 2018 മുതൽ സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കി വരികയാണ്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സുരേന്ദ്രൻ, ഹോമിയോ കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഹമീദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപ, ഡോ.വി.ആർ.ലതിക, വനിത ശിശു വികസന ഓഫീസർ യു. അബ്ദുൽ ബാരി തുടങ്ങിയവർ പങ്കെടുത്തു.

അടുക്കുമറിപ്പ് തൊഴിലാളികളുടെ കൂലി കരാർ പുതുക്കി നിശ്ചയിച്ചു

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കാര്യാലയത്തിന് കീഴിലെ അടുക്കുമറിപ്പ് തൊഴിലാളികളുടെ കാലാവധിയായ കൂലി കരാർ ഉഭയകക്ഷി ചർച്ചയിലൂടെ പുതുക്കി നിശ്ചയിച്ചതായി ചെയർമാൻ പി.വി.സതീശൻ അറിയിച്ചു. 30 കിലോ വരെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് 7 ശതമാനവും മറ്റിനങ്ങൾക്ക് 12 ശതമാനവും വർദ്ധനവാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. 2021 ഡിസംബർ ഒന്നിന് നിരക്ക് പ്രാബല്യത്തിൽ വരും.

എൻ.സി.സി ദിനാഘോഷം: വൃക്ഷത്തൈ നടീൽ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു

എൻ.സി.സി 73ാം ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള സംസ്ഥാന തല വൃക്ഷത്തൈ നടീൽ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ വെസ്റ്റ് ഹിൽ എൻസിസി കോംപ്ലക്സിൽ നിർവ്വഹിച്ചു.
എലത്തൂരിൽ നിർമ്മിക്കുന്ന ദേശീയ നിലവാരത്തിലുള്ള നേവൽ ട്രെയിനിങ് സെന്ററും ആധുനിക രീതിയിലുള്ള ബോട്ട് ഹൗസും എൻസിസി കേഡറ്റുകൾക്ക് ജല സാഹസിക പരിശീലനം നൽകാൻ സാധിക്കുന്ന വിധത്തിലാണ് നിർമ്മിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മലബാർ മേഖലയിലെ നേവൽ കേഡറ്റുകൾക്കും കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള കേഡറ്റുകൾക്കും ഈ കേന്ദ്രത്തിൽ ജല സാഹസിക പരിശീലനം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കേഡറ്റുകളിൽ നിന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷമാണ് മന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.

എൻസിസിയിൽ നൽകുന്ന പ്രാഥമിക പരിശീലനം കേഡറ്റുകളിൽ രാജ്യസ്നേഹം, അച്ചടക്കം, സഹകരണം, മതനിരപേക്ഷ പ്രവർത്തനങ്ങൾ തുടങ്ങിയ സ്വഭാവങ്ങൾ വികസിപ്പിക്കുന്നതിന് സഹായിക്കും. രാജ്യ സേവനത്തിന് നിസ്വാർത്ഥ പരിശീലനം ലഭിച്ച യുവതലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എൻസിസി പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വന നശീകരണത്തിന്റെയും കയ്യേറ്റത്തിന്റെയും ഭാഗമായി ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം, കാലാവസ്ഥ വ്യതിയാനം എന്നിവ ഭീഷണിയായി നിൽക്കുന്ന സാഹചര്യത്തിൽ മരം നടുന്നതിന്റെ പ്രാധാന്യം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം കേഡറ്റുകളുമായി സംവദിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. പരിപാടിയിൽ എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കമാൻഡർ ബ്രിഗേഡിയർ ഇ. ഗോവിന്ദ് അധ്യക്ഷത വഹിച്ചു. എൻസിസി ഉദ്യോഗസ്ഥർ പങ്കെടുത്തു.

നെഹ്റു യുവ കേന്ദ്ര ജില്ലാ തല പ്രസംഗ മത്സരം നാളെ

നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ തല പ്രസംഗ മത്സരം ‘പാട്രിയോട്ടിസം ആൻഡ് നാഷണൽ ബിൽഡിംഗ് ‘ കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നാളെ ( നവംബർ 27) രാവിലെ 10 മണി മുതൽ നടക്കും. ബ്ലോക്ക് ലെവലിൽ സ്ക്രീനിംഗ് നടത്തി യോഗ്യരായവർ മത്സരത്തിൽ പങ്കെടുക്കണമെന്ന് കോഡിനേറ്റർ അറിയിച്ചു.

നാഷണൽ ലോക് അദാലത്ത് ഡിസംബർ 11ന്

കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി നടത്തുന്ന നാഷണൽ ലോക് അദാലത്തിനോടനുബന്ധിച്ച് ഡിസംബർ 11ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ കോടതിയിൽ നാഷണൽ ലോക് അദാലത്ത് ആരംഭിക്കും. കോടതികളിൽ നിലവിലുള്ള കേസുകളും പുതിയ പരാതികളും ലോക് അദാലത്തിൽ ഒത്തു തീർപ്പിനായി പരിഗണിക്കും. കോടതികളിൽ നിലവിലുള്ള കേസുകൾ ലോക് അദാലത്തിലേക്ക് റഫർ ചെയ്യാൻ കക്ഷികൾക്ക് ആവശ്യപ്പെടാം.

വാഹനാപകട കേസ്സുകൾ, ഭൂമി ഏറ്റെടുക്കൽ കേസ്സുകൾ, കുടുംബ തർക്കങ്ങൾ, ഒത്തു തീർക്കാവുന്ന ക്രിമിനൽ കേസ്സുകൾ, ബാങ്ക് വായ്പാ സംബന്ധമായ കേസ്സുകൾ തുടങ്ങിയവയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾ കോഴിക്കോട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റികളുടെ നമ്പറുകളിൽ ലഭിക്കും. ഫോൺ: കോഴിക്കോട് ഡി എൽ എസ് എ 0495-2365048, കോഴിക്കോട് ടി എൽ എസ് സി 9447334918, കൊയിലാണ്ടി ടി എൽ എസ് സി 7012763430, വടകര ടി എൽ എസ് സി 0496 2515251.