വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്‌നേപൂര്‍വ്വം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങള്‍ ചുവടെ


തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവം സ്കോളർഷിപ്പ് പദ്ധതിയിലേയ്ക്ക് ഉള്ള അപേക്ഷകൾ ക്ഷണിച്ചു. വിവിധ സാഹചര്യങ്ങളാല്‍ ജീവിതം വഴിമുട്ടുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് ‘സ്‌നേഹപൂര്‍വ്വം’. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കില്ല. അപേക്ഷകൾ സ്കൂളിലെത്തിക്കുവാനുള്ള അവസാന തിയ്യതി നവംബർ 30.
മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്.
BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22375 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/ പ്രൊഫഷണല്‍ ക്ലാസ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചുവടെ പറയുന്നനിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നു. 5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/-രൂപ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രാതിമാസം 500/- രൂപ 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 700/- രൂപ . ഡിഗ്രി/ പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/- രൂപ.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
  • നിലവിലുള്ള രക്ഷാകര്‍ത്താവിന്‍റെയും കുട്ടിയുടെയും പേരില്‍ നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം.
  • മാതാവിന്‍റെ/ പിതാവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ്
  • ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/ ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ കോപ്പി/ വില്ലേജ് ആഫീസറില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം.
  • ആധാര്‍ / തിരിച്ചറിയൽ കാര്‍ഡിന്‍റെ പകര്‍പ്പ്സമര്‍പ്പിക്കേണ്ടതാണ്.
സ്നേഹപൂര്‍വ്വം പദ്ധതി ആനുകൂല്യം വരും വര്‍ഷങ്ങളിലും തുടര്‍ന്ന് ലഭിക്കുന്നതിന് ഓരോ അദ്ധ്യായന വർഷവും 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ട രേഖകളുടെ പകര്‍പ്പ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. അപേക്ഷിക്കേണ്ടവിധം ഗുണഭോക്താവ് 5 വയസ്സിനു മുകളിലുള്ള കുട്ടിയാണെങ്കില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സ്ഥാപന മേധാവികള്‍ക്ക് നല്‍കേണ്ടതാണ്. സ്ഥാപന മേധാവികള്‍ രേഖകള്‍ പരിശോധിച്ച് പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹതയുള്ള അപേക്ഷകള്‍ ഓണ്‍ ലൈനായി കേരള സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അയക്കേണ്ടതാണ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ തുക അനുവദിച്ച് ഗുണഭോക്താക്കളുടെ പേരിലുള്ള ബാങ്ക്അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് നല്‍കുന്നതാണ്.
അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹരാണെന്ന് ബന്ധപ്പെട്ട സ്ഥാപനമേധാവി ഉറപ്പു വരുത്തണം. അതിന്റെ ഭാഗമായി ചുവടെ പറയുന്ന രേഖകള്‍ അപേക്ഷകരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച് ഓഫീസില്‍ സൂക്ഷിക്കണം.
  1. വെള്ളക്കടലാസിലുള്ള അപേക്ഷ
  2. വിദ്യാര്‍ത്ഥിയുടെ അമ്മ/അച്ഛന്‍ അല്ലെങ്കില്‍ അച്ഛനമ്മമാര്‍ മരണമടഞ്ഞതിന്റെ നിയമാനുസൃതമായ മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  3. ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവര്‍ വിദ്യാര്‍ത്ഥിയുടെ പേര് ഉള്‍പ്പെടുന്ന ബി.പി.എല്‍. റേഷന്‍ കാര്‍ഡിന്റെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കാണിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. അല്ലെങ്കില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം പദ്ധതി മാനദണ്ഡ പ്രകാരമുള്ള വരുമാന പരിധിയിലുള്ളതാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  4. വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ കോര്‍ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഷെഡ്യൂള്‍ഡ്/ദേശസാല്‍കൃത ബാങ്കില്‍ ജോയിന്റ് അക്കൗണ്ടും (കുട്ടിക്കും രക്ഷകര്‍ത്താവിനും മാത്രം ഒരുമിച്ചു തുക പിന്‍വലിക്കാവുന്ന രീതിയില്‍) ആരംഭിച്ച പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  5. വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡിന്റെ/ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
മുന്‍വര്‍ഷങ്ങളില്‍ സ്‌നേഹപൂര്‍വ്വം പദ്ധതിയുടെ ധനസഹായം ലഭിച്ചവരും ഈ രേഖകള്‍ സഹിതം വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ മുഖേന വീണ്ടും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥി വെള്ളക്കടലാസില്‍ എഴുതി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം നല്‍കുന്ന രേഖകള്‍ ആവശ്യമെങ്കില്‍ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്.ഓരോ അപേക്ഷയും അപ്‌ലോഡ് ചെയ്തശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഈ രേഖകളോടൊപ്പം ചേര്‍ത്ത് സ്ഥാപനത്തിന്റെ ഓഫീസില്‍ സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് അയക്കേണ്ടതില്ല. ഓണ്‍ലൈനായി സാമൂഹ്യസുരക്ഷാ മിഷനില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ധനസഹായം പാസാക്കുകയും അനുവദനീയമായ തുക കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ ആര്‍.ടി.ജി.എസ്. മുഖേന മാറ്റി നിക്ഷേപിക്കുന്നതുമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അപേക്ഷകള്‍ കഴിവതും ഒരുമിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കണം. ഇപ്രകാരം അപ്‌ലോഡ് ചെയ്യുന്ന കുട്ടികളുടെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ലിസ്റ്റ് സ്ഥാപന മേധാവി ഒപ്പിട്ട് സ്ഥാപന മുദ്രയോട് കൂടി കേരള സാമൂഹ്യ സുരക്ഷാ മിഷനിലേയ്ക്ക് അയക്കേണ്ടതാണ്. ധനസഹായത്തിന് അര്‍ഹരായ കുട്ടികള്‍ ഓരോരുത്തര്‍ക്കും ഒരു പ്രത്യേക നമ്പര്‍ (യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) അനുവദിക്കുന്നതും ഈ നമ്പര്‍ ഉള്‍പ്പെടെ തുക പാസാക്കിയ വിവരം വിദ്യാഭ്യാസ സ്ഥാപന മേധാവിയെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ അറിയിക്കുന്നതുമാണ്. ഈ പ്രത്യേക നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരം സ്ഥാപന മേധാവി വിദ്യാര്‍ത്ഥികളെ യഥാസമയം അറിയിക്കണം. ഭാവിയില്‍ ഈ പദ്ധതിയുമായി ബന്ധപ്പെടേണ്ട എന്തെങ്കിലും ആവശ്യം വരുന്ന പക്ഷം ഈ പ്രത്യേക നമ്പര്‍ റഫറന്‍സ് നമ്പരായി നിശ്ചയമായും കാണിക്കണം. ഒരു അദ്ധ്യയന വര്‍ഷത്തില്‍ പരമാവധി പത്ത് മാസത്തെ ധനസഹായമാണ് അനുവദിക്കുന്നത്. സാമൂഹ്യ സുരക്ഷാ മിഷന്‍ ഗഡുക്കളായോ ഒരുമിച്ചോ ഒരദ്ധ്യായന വര്‍ഷത്തേയ്ക്ക് അനുവദനീയമായ തുക പാസാക്കി നല്‍കും