വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, ഒ.ബി.സി പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പന് അപേക്ഷിക്കാനുള്ള തിയ്യതിയില്‍ മാറ്റം; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (10/12/2021) ഇങ്ങനെ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് – അവസാന തിയ്യതി ദീര്‍ഘിപ്പിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖാന്തിരം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ഒ.ബി.സി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 24 വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.
വിശദാംശങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0495 – 2377786, bcddkkd@gmail.com.
ഓപ്പറേഷന്‍ വിബ്രിയോ – ജില്ലയില്‍ കിണറുകളുടെ ക്ലോറിനേഷന്‍ രണ്ട് ലക്ഷത്തിലേക്ക്
ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി നവംബര്‍ 22 മുതല്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ വിബ്രിയോ പരിപാടിയുടെ ഭാഗമായി 1,98,837 കുടിവെള്ള സ്രോതസുകള്‍ ഇതുവരെ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളിലായി 306056 വീടുകളും 3926 സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും പരിശോധിക്കുകയും ചെയ്തു. 37000 ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്യുകയും 886 ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
സംസ്ഥാന കൃഷിവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലയിലെ പതിനാറാമത് സ്റ്റാള്‍ തുറയൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് മുന്‍വശത്ത് പ്രവര്‍ത്തനം ആരംഭിച്ചു.ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. തുറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. പച്ചക്കറികളുടെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെട്ടു വില നിയന്ത്രിക്കുക എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചാണ് പുതിയ ഔട്ട്‌ലെറ്റുകള്‍ ഹോര്‍ട്ടികോര്‍പ്പ് തുറക്കുന്നത്. കര്‍ഷകരില്‍ നിന്നും ഉയര്‍ന്ന വിലക്ക് സംഭരിക്കുന്ന നാടന്‍ പച്ചക്കറികളും, പഴങ്ങളും, മറുനാടന്‍ പച്ചക്കറികളും ഹോര്‍ട്ടിക്കോര്‍പ്പിന്റെ അഗ്മാര്‍ക് അംഗീകാരമുള്ള അമൃത് ബ്രാന്റ് തേനും മിതമായ വിലയില്‍ സ്റ്റാളില്‍ ലഭ്യമാണ്.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പ്രോഗ്രാമര്‍ തസ്തികകളിലേക്ക് നിയമനം
ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള വിവിധ പ്രോജക്ടുകള്‍ക്ക് വേണ്ടി എന്‍.ഐ.സി യില്‍ പ്രോഗ്രാമര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. Java, Spring, Hibernate, HTML, CSS, JavaScript എന്നിവയില്‍
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എം.സി.എ അല്ലെങ്കില്‍ ബി.ഇ/ബി ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി അല്ലെങ്കില്‍ എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയും രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ ജാവ പ്രോഗ്രാമിങ് പരിചയം മൊബൈല്‍ ആപ്പ് നിര്‍മ്മാണ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സാക്ഷ്യപത്രങ്ങളുടെയും പകര്‍പ്പ് ഡിസംബര്‍ 18 ന് ഉച്ചക്ക് ഒരുമണിക്ക് മുമ്പായി kerkzk@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://kozhikode.nic.in സന്ദര്‍ശിക്കാം. കോവിഡ് 19/ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്/ജില്ലാ ഭരണകൂട വികസനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍സ് ഡെവലപ്പ് ചെയ്യുന്നതിന് വേണ്ടിയാണ് നിയമനം.
അധിക പ്രസവ ധനസഹായം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരും 2012 മാര്‍ച്ച് 27 മുതല്‍ 2021 മെയ് 31 വരെയുള്ള കാലയളവില്‍ പ്രസവം നടന്നു തയ്യല്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2000 രൂപ പ്രസവാനുകൂല്യം ലഭിച്ചവരുമായ അര്‍ഹരായ സ്ത്രീ തൊഴിലാളികള്‍ക്ക് അധിക പ്രസവ ധനസഹായം 13000 രൂപ നല്‍കുന്നുണ്ട്. ധനസഹായം 13000രൂപ ഇനിയും ലഭിക്കാനുള്ളവര്‍ ക്ഷേമനിധി ഐഡി കാര്‍ഡ്, രൂപ ലഭിച്ചതിന്റെ ബാങ്ക് പാസ് ബുക്ക്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം 2021 ഡിസംബര്‍ 20 നകം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
യോഗാ ട്രെയിനര്‍ നിയമനം
ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിലവിലുളള യോഗാ ട്രെയിനര്‍ തസ്തികയിലേക്ക് രണ്ട് മാസത്തെ താല്‍കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി /എം.എസ്.സി /ഡിപ്ലോമ ഇന്‍ യോഗ പാസായ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 16ന് രാവിലെ 10.30ന് എരഞ്ഞിക്കല്‍, കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടത്തുന്ന കൂടികാഴ്ചയില്‍ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 – 2460724.
മനുഷ്യാവകാശ ദിനാചരണം നടത്തി
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ മനുഷ്യാവകാശ ദിനാചരണം നടത്തി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ദിനാചരണം ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശങ്ങള്‍ക്കും മനുഷ്യവകാശ സംരക്ഷണങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളും പ്രശ്‌നങ്ങളും ഇപ്പോള്‍ മുന്‍പുള്ളതിനെക്കാള്‍ രൂക്ഷമാണ്. മനുഷ്യന് അന്തസ്സോടെയും തുല്യതയോടെയും ജീവിക്കാന്‍ നിയമം അനുശാസിക്കുന്ന അവകാശമാണ് മനുഷ്യാവകാശം. അത് ലംഘിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
മനുഷ്യാവകാശ കമ്മീഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുകയാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗമെന്ന് കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. രാജ്യത്ത് ഇന്നും സാധാരണക്കാരുടെ അവകാശങ്ങള്‍ ധ്വംസിക്കുന്നതായി നിരവധി പരാതികള്‍ ഉയരുന്നുണ്ട്. നിയമം പാലിക്കേണ്ടവര്‍ നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിന്ന് അവരുടെ ഉത്തരാവാദിത്തം നടപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘മനുഷ്യാവകാശങ്ങള്‍ മഹാത്മജിയുടെ വീക്ഷണത്തില്‍’എന്ന വിഷയത്തില്‍ ദേശീയ പുരസ്‌കാരജേതാവും കാലിക്കറ്റ് സര്‍വകലാശാല വിസിറ്റിംഗ് പ്രൊഫസറുമായ ഡോ.ആര്‍സു പ്രഭാഷണം നടത്തി.
ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററില്‍ നടന്ന പരിപാടിയില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് അധ്യക്ഷത വഹിച്ചു.
ജല ജീവൻ മിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു
2024 ലോടെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് പനങ്ങാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്തിൽ ജല ജീവൻമിഷൻ ഓഫീസ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കുട്ടിക്കൃഷ്ണൻ നിർവഹിച്ചു.
രാമനാട്ടുകരയിലെ ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രമാണ് പഞ്ചായത്തിലെ പദ്ധതിയുടെ നിർവഹണ ഏജൻസി. കേരള വാട്ടർ അതോറിറ്റി സമ്പൂർണ്ണഎസ്ററിമേറ്റ് തയ്യാറാക്കിവരികയാണ്. നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ സർവേയാണ് ഇപ്പോൾ നടന്നുവരുന്നത്. അടുത്തമാസം ഗ്രാമസഭകൾ ചേർന്ന് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും.
ചടങ്ങിൽ വാർഡ്മെമ്പർ റംലാ ഹമീദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വി.സി.അജിത, സി.ഡി.എസ് അംഗം സത്യവതി, ടീം ലീഡർ എം.കെ.അശ്വതി, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ഇ.നമിത തുടങ്ങിയവർ പങ്കെടുത്തു.
മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു
മുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് നടപടികൾ തുടങ്ങി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ചറൽ ആൻഡ് പ്ലാനിംഗ് വിഭാഗമാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. നിലവിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയും ഉപയോഗയോഗ്യമായ കെട്ടിടങ്ങൾ നിലനിർത്തിക്കൊണ്ടുമുള്ള പ്ലാനാകും തയ്യാറാക്കുക. അമ്പതു വർഷത്തെ വികസനം മുൻകൂട്ടി കണ്ടുകൊണ്ടാണ് പ്ലാൻ രൂപകല്പന ചെയ്യുന്നത്
മാസ്റ്റർ പ്ലാൻ തയ്യാറക്കുന്നതിന്റെ ഭാഗമായി ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് ഭാഗത്തിലെ ഡോ. ചിത്ര കെ, ഡോ.ദീപ്തി ബെൻഡി, ഡോ. അമൃത പികെ എന്നിവരടങ്ങിയ സംഘം സ്ഥലം പരിശോധന നടത്തി. പ്രാഥമിക രൂപകൽപ്പനക്ക് ശേഷം മെഡിക്കൽ രംഗത്തെ വിദഗ്ധരുമായി ചർച്ച ചെയ്തായിരിക്കും മാസ്റ്റർ പ്ലാൻ അന്തിമമാക്കുക. മുക്കം സി എസ് സി യുടെ വികസനമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് ഇതോടുകൂടി പരിഹാരമാകും.
നഗരസഭ ചെയർമാൻ പി.ടി. ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ.പി.ചന്ദ്നി, വി കുഞ്ഞൻ, പ്രജിത പ്രദീപ്, അശ്വതി സനൂജ്, ജോഷില, വേണു കലുരുട്ടി, നഗരസഭ സെക്രട്ടറി എൻ.കെ, ഹരീഷ്, മെഡിക്കൽ ഓഫീസർ എം.മോഹനൻ എന്നിവർ സ്ഥല പരിശോധനയിലും ചർച്ചയിലും പങ്കെടുത്തു.
ജെന്‍ഡര്‍ പാര്‍ക്കില്‍ മനുഷ്യാവകാശ ദിനം ആചരിച്ചു
മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പിന്റെ കീഴിലുള്ള വെള്ളിമാട്കുന്നിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ പുസ്തക വായന പരിപാടി സംഘടിപ്പിച്ചു. പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ കല്‍ക്കി സുബ്രഹ്മണ്യത്തിന്റെ വീ ആര്‍ നോട്ട് ദി അതേഴ്‌സ് എന്ന പുസ്തകത്തിന്റെ വായനയും ചര്‍ച്ചയും നടന്നു. ജെന്‍ഡര്‍ ലൈബ്രറിയുടെ ഭാഗമായിട്ടാണ് പുസ്തക വായന പരിപാടി സംഘടിപ്പിച്ചത്. ലൈബ്രറിയുടെ കീഴില്‍ പുസ്തക ക്ലബും രൂപീകരിച്ചു. പുസ്തകത്തിലെ ഭാഗങ്ങള്‍ വായിച്ചും കവിതകള്‍ പാരായണം ചെയ്തും കല്‍ക്കി തന്റെ പോരാട്ടങ്ങളെ കുറിച്ച് വിവരിച്ചു. പരിപാടിയില്‍ എഴുത്തുകാരി സുഹറ, ജെന്‍ഡര്‍ പാര്‍ക്ക് ക്യാമ്പസ് മാനേജര്‍ സുരേഷ് മാത്യു. ലൈബ്രേറിയന്‍ അനിമോള്‍ ജെ, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ എന്നിവര്‍ സംസാരിച്ചു.
ഡിഫക്ട് ലെയ്ബിലിറ്റി പിരീഡ് ബോർഡ് സ്ഥാപിച്ചു
ബാലുശ്ശേരി മണ്ഡലം പിഡബ്ലുഡി റോഡ് പരിപാലന കാലാവധി പരസ്യപ്പെടുത്തൽ ഉദ്ഘാടനം കെ.എം സച്ചിൻ ദേവ് എം. എൽ. എ നിർവ്വഹിച്ചു. ബാലുശ്ശേരി- കുറുമ്പൊയിൽ -വയലട റോഡിലാണ് ഡിഫക്ട് ലെയ്ബിലിറ്റി പിരീഡ് ബോർഡ് സ്ഥാപിച്ചത്.
കരാറുകാരന്റെ പേര്, ഫോൺ നമ്പർ, എഞ്ചിനീയറുടെ പേരും ഫോൺ നമ്പറും, ടോൾ ഫ്രീ നമ്പർ എന്നിവയാണ് ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ളത്.