വിദ്യാഭ്യാസം കച്ചവടമാക്കുന്നു, ഓണ്‍ലൈന്‍ ക്ലാസ്സില്‍ വിവേചനം; പ്രതിഷേധവുമായി കേരള വിദ്യാര്‍ത്ഥി ജനത


കോഴിക്കോട്: എം ഇ എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പേരില്‍ വിദ്യാര്‍ത്ഥികളോട് വിവേചനമെന്ന് ആരോപിച്ച് പ്രതിഷേധവുമായി കേരള വിദ്യാര്‍ത്ഥി ജനത. വിഷയത്തില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും നേരത്തെ തന്നെ രംഗത്തിറങ്ങിയിരുന്നു.

ഫീസടച്ചില്ലെന്ന കാരണത്താല്‍ ഗ്രുപ്പുകളില്‍നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സാഹചര്യമുണ്ടായിരുന്നു. കോഴിക്കോട് എം ഇ എസ് വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സ്വീകരിച്ചിട്ടില്ലെന്നും പരാതി ഉയര്‍ന്നു. കോഴിക്കോട് എം ഇ എസ് ഫാത്തിമ ഗഫൂര്‍ മെമ്മോറില്‍ വിമെന്‍സ് കോളേജിലേ വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ടാണ് അധികൃതര്‍ സ്വീകരിക്കാന്‍ വൈമനസ്യം പ്രകടിപ്പിച്ചത്.

വിദ്യാര്‍ത്ഥികളില്‍ പലരും കോളേജ് ഫീസ് പൂര്‍ണമായും അടച്ചില്ലെന്നതായിരുന്നു കാരണം. അതേസമയം എം ഇ എസ് സെന്‍ട്രല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നിരവധി ദിവസമായി പ്രതിഷേധത്തിലാണ്.

പ്രതിഷേധ പരിപാടിയില്‍ കേരള വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എസ് വി ഹരിദേവ്, ജില്ലാ സെക്രട്ടറി അരുണ്‍ നമ്പ്യാട്ടില്‍, ലിജിന്‍ രാജ് കെ പി, അഭിത്യ കെ, വിഷ്ണു എസ്, അക്ഷയ്, അധീന കെ, വിഷ്ണു പ്രസാദ് ഡി തുടങ്ങിയവര്‍ സംസാരിച്ചു.