വിദ്യാഭ്യാസ വായ്‌പ എടുക്കാൻ പദ്ധതി ഉണ്ടോ? യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
വിദ്യാഭ്യാസ വായ്പ എടുക്കാനുള്ള പദ്ധതി ഉണ്ടോ? എങ്കിലാദ്യം നിങ്ങള്‍ ഒരു വിദ്യാഭ്യാസ വായ്പയ്ക്ക് യോഗ്യനാണോ എന്ന് പരിശോധിച്ച നോക്കു.
വായ്പ നൽകുന്നതിൽ മാർക്കുകളും അക്കാദമിക്ക് പ്രകടനങ്ങളും ബാങ്കിന്റെ വളരെ പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലൊന്നാണ്. വായ്പ എടുത്ത് പഠിക്കാന്‍ നിങ്ങള്‍ അപേക്ഷിച്ച കോഴ്‌സും വായ്‌പ്പാ നൽകുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ആ കോഴ്‌സ് പഠിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടോ? ആ കോഴ്‌സ് പഠിക്കുന്നത് മൂലം വിദ്യാർത്ഥിക്ക് ഒരു നല്ല കരിയര്‍ ലഭിക്കുമോ? എന്നു തുടങ്ങി പ്ലേസ്‌മെന്റ്, തൊഴില്‍ സാധ്യതകള്‍ വരെ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ പരിഗണിക്കും.
കോഴ്‌സിന്റെ മൊത്തത്തിലുള്ള മൂല്യം പരിശോധിക്കുന്നതിനൊപ്പം പഠിക്കാന്‍ ആഗ്രഹിക്കുന്ന കോളേജിന്റെയോ യൂണിവേഴ്‌സിറ്റിയുടെയോ അക്രഡിറ്റേഷന്‍ സ്റ്റാറ്റസും ബാങ്കുകള്‍ പരിശോധിക്കും. കൂടാതെ നിങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കാനും ഈടായി നല്‍കാന്‍ വസ്തുക്കളുണ്ടോയെന്ന് കൂടി ചില ബാങ്കുകള്‍ പരിശോധിക്കും. ചിലപ്പോള്‍ നിങ്ങളുടെ മാതാപിതാക്കളോ രക്ഷിതാക്കളെയോ സഹ-വായ്പ അപേക്ഷനായി അല്ലെങ്കില്‍ വായ്പയ്ക്ക് ജാമ്യക്കാരനായി നിര്‍ത്തേണ്ടിയും വരും. ഈ സാധാരണ ബാങ്ക് നടപടികള്‍ക്കൊപ്പം വിദ്യാഭ്യാസ വായ്പ എടുക്കാനുള്ള മറ്റു ചില യോഗ്യതകള്‍ കൂടി വേണം.
വിദ്യാഭ്യാസ വായ്പ എടുക്കാനുള്ള യോഗ്യതകള്‍ ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കും. എങ്കിലും പൊതുവായി വേണ്ട യോഗ്യതകള്‍ താഴെപറയുന്നവയാണ് –
ദേശീയത:
താഴെ പറയുന്നവര്‍ക്ക് ഇന്ത്യയില്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് അര്‍ഹതയുണ്ട്.
ഇന്ത്യന്‍ പൗരന്മാര്‍
നോണ്‍-ഇന്ത്യന്‍ റെസിഡന്റ്‌സ് (NRI)
ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (OCI)
ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ (PIO)
ഇന്ത്യയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശത്തുള്ള ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച വിദ്യാര്‍ത്ഥികള്‍
വിദ്യാഭ്യാസ വായ്പയ്ക്ക് ആവശ്യമുള്ള പൊതുവായ രേഖകള്‍:
വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള ഔദ്യോഗിക പ്രവേശന കത്ത്
മുന്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ (സ്‌കൂള്‍ / കോളേജ്) സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്ഷീറ്റും
പ്രായം തെളിക്കുന്നതിനുള്ള രേഖ
തിരിച്ചറിയല്‍ രേഖ
മേല്‍വിലാസ രേഖ
ഒപ്പ് രേഖ
സമീപകാല അക്കൗണ്ട് ഇടപാടുകള്‍ (മാതാപിതാക്കള്‍/ രക്ഷിതാക്കള്‍)
മാതാപിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോം
വിദേശ വിദ്യാഭ്യാസ വായ്പയ്ക്ക് ആവശ്യമുള്ള പൊതുവായ രേഖകള്‍:
പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷാ ഫോം
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍
തിരിച്ചറിയല്‍ രേഖ, മേല്‍വിലാസ രേഖ, വയസ് തെളിയിക്കല്‍ രേഖ എന്നിവ ഉള്‍പ്പെടുന്ന കെവൈസി രേഖകള്‍
മുന്‍വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്
സര്‍വകലാശാലയിലേക്കും കോഴ്‌സിലേക്കും അഡ്മിഷന്‍ ലഭിച്ചതിന്റെ രേഖകള്‍
കോഴ്‌സ് ചെലവുകളുടെ ഷെഡ്യൂള്‍
സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലെറ്ററിന്റെ പകര്‍പ്പ്
വിദേശ വിനിമയ അനുമതിയുടെ പകര്‍പ്പ്
വായ്പയെടുക്കുന്നയാളുടെയോ രക്ഷിതാവിന്റെയോ അവസാന ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്.
വായ്പയെടുക്കുന്നയാള്‍ /മാതാപിതാക്കള്‍/രക്ഷിതാവ് എന്നിവരുടെ കഴിഞ്ഞ 2 വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍
വിസ ഉള്‍പ്പടെയുള്ള രേഖകള്‍
വിദ്യാഭ്യാസവായ്പയ്ക്കായി ഓണ്‍ലൈനിലും ഓഫ്ലൈനിലും അപേക്ഷിക്കാം. താല്‍പര്യമുള്ള ബാങ്കിന്റെ വെബ്സൈറ്റിലുള്ള വിദ്യാഭ്യാസ വായ്പ ഫോം ഓണ്‍ലൈനില്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അറ്റാച്ചുചെയ്ത് ഫോം സമര്‍പ്പിക്കാം. തുടര്‍ നടപടികള്‍ക്ക് ബാങ്ക് പ്രതിനിധികള്‍ നേരിട്ട് ബന്ധപ്പെടും. ഓഫ്ലൈനായി സമീപത്തുള്ള ഒരു ബാങ്കിന്റെ ബാഞ്ച് സന്ദര്‍ശിച്ച് ആവശ്യമായ രേഖകളോടെ ഫോം പൂരിപ്പിച്ച് വായ്പയ്ക്ക് അപേക്ഷിക്കാം. തുടര്‍ നടപടികള്‍ ബാങ്ക് ജീവനക്കാര്‍ നേരിട്ട് തന്നെ അറിയിക്കും.
മാതാപിതാക്കളുടെ/ രക്ഷിതാക്കളുടെ സ്ഥിരതാമസസ്ഥലത്തിന്റെയോ അല്ലെങ്കില്‍ പഠനം നടത്തുന്ന സ്ഥാപനത്തിന്റെയോ ഏറ്റവും അടുത്തുള്ള ബാങ്ക് ശാഖയിലാണ് വായ്പ അപേക്ഷ നല്‍കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിനടുത്തെ ശാഖയില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്താല്‍, ആ പഠനം പൂര്‍ത്തിയായിക്കഴിയുമ്ബോള്‍ രക്ഷിതാക്കളുടെ സ്ഥിരതാമസസ്ഥലത്തെ ശാഖയിലേക്ക് അതിന്റെ ഇടപാടുകള്‍ മാറ്റേണ്ടതായിട്ടുണ്ട്.
സാധാരണ ഇന്ത്യയിലെ പഠനത്തിന് പരമാവധി 10 ലക്ഷം രൂപ വരെയും, വിദേശപഠനത്തിന് 20 ലക്ഷം രൂപ വരെയുമാണ് വായ്പ ലഭിക്കുക. വായ്പയായി അപേക്ഷിക്കുന്ന തുകയുടെ നിശ്ചിത ശതമാനം തുക മാര്‍ജിനായി വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടി വരും. 4 ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് മാര്‍ജിന്‍ തുക ആവശ്യമില്ല. അതിനുമുകളില്‍, ഇന്ത്യയിലെ പഠനത്തിന് വായ്പാതുകയുടെ 5 ശതമാനവും വിദേശപഠനത്തിന് 15 ശതമാനം വരെയും മാര്‍ജിന്‍ മണിയായി വിദ്യാര്‍ഥിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടി വരും.
വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹമായ കോഴ്‌സുകള്‍:
ബിരുദ പഠനങ്ങള്‍
ബിരുദാനന്തര പഠനങ്ങള്‍
ഡോക്ടറല്‍ കോഴ്‌സുകളും പിഎച്ച്‌ഡികളും
6 മാസമോ അതില്‍ കൂടുതലോ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
ടെക്‌നിക്കല്‍ / ഡിപ്ലോമ / പ്രൊഫഷണല്‍ കോഴ്‌സുകള്‍
വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹമായ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍:
അംഗീകൃത സ്ഥാപനങ്ങളും സര്‍ക്കാര്‍ കോളേജുകളും
സര്‍ക്കാര്‍ സഹായത്തോടെയുള്ള സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
പ്രൊഫഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
അന്താരാഷ്ട്ര കോളേജുകളും സര്‍വ്വകലാശാലകളും
മൂന്നുതരത്തിലാണ് ബാങ്കുകള്‍ വിദ്യാഭ്യാസവായ്പകള്‍ നല്‍കി വരുന്നത്. ഒന്ന്, ഇന്ത്യയില്‍ തന്നെയുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന്; രണ്ട്, ഇന്ത്യയിലെത്തന്നെ വിദേശ കോളേജുകളിലെ/ സ്ഥാപനത്തിലെ പഠനത്തിന്; മൂന്ന്, ഇന്ത്യയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബാങ്കുകള്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി പഠന വായ്പ ലഭിക്കും.
ഏതൊക്കെ സര്‍വകലാശാലകളും കോഴ്‌സുകളും വായ്പയ്ക്ക് യോഗ്യമാണ്?
ഇന്ത്യയില്‍ യുജിസി, സര്‍ക്കാര്‍, എഐസിടിഇ, എഐബിഎംഎസ്, ഐഎംസിആര്‍ എന്നിവ അംഗീകരിക്കുന്ന സര്‍വകലാശാലകളിലോ കോളേജുകളിലോ പഠനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയ്ക്കാന്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അംഗീകൃത പോളിടെക്‌നിക് സ്ഥാപനങ്ങള്‍, ഇന്ത്യയിലെ പ്രശസ്തമായ വിദേശ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ പഠിക്കാന്‍ വിദേശത്തേക്ക് പോവുകയാണെങ്കില്‍, ബാങ്ക് ആ സ്ഥാപനത്തിന്റെ നിലവാരവും അംഗീകാരവും പ്രശസ്തിയും പരിശോധിച്ച് നിങ്ങള്‍ക്ക് അവിടെ പഠിക്കാന്‍ വായ്പ ലഭിക്കുമോ എന്ന് വിലയിരുത്തും. അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ ഏത് കോഴ്‌സും വായ്പാ സഹായത്തോടെ പഠിക്കാന്‍ കഴിയും.
വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും കൂട്ടുത്തരവാദിത്വത്തിലാണ് സാധാരണ വായ്പ ലഭിക്കുക. 4 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് സാധാരണയായി ജാമ്യം നല്‍കേണ്ടി വരാറില്ല. നാല് ലക്ഷത്തിനും ഏഴര ലക്ഷത്തിന് ഇടയിലുള്ള വായ്പകള്‍ക്ക് ഒരാളുടെ ജാമ്യം വേണം. ഏഴര ലക്ഷത്തിന് മുകളിലും വിദേശ പഠനത്തിനുമുള്ള വായ്പകള്‍ക്ക് അതിന് തുല്യമായ ഈട് നല്‍കേണ്ടി വരും.
വിദ്യാഭ്യാസ വായ്പയില്‍ ഉള്‍പ്പെടുന്ന പൊതുവായ പഠന ചെലവുകള്‍:
ട്യൂഷന്‍ ഫീസ്
ഹോസ്റ്റല്‍ ഫീസ്
വിദേശ പഠനത്തിനാണെങ്കില്‍ യാത്രാ ചെലവുകള്‍
ഇന്‍ഷുറന്‍സ് പ്രീമിയം
യൂണിഫോം, പുസ്തകങ്ങള്‍, പഠന ഉപകരണങ്ങള്‍
പരീക്ഷ, ലബോറട്ടറി, ലൈബ്രറി തുടങ്ങിയ ഫീസ്
ആവശ്യമെങ്കില്‍ കമ്ബ്യൂട്ടര്‍/ ലാപ്പ്‌ടോപ്പ് ചിലവ്
ഇന്റേണ്‍ഷിപ്പ്, പ്രോജക്റ്റ് വര്‍ക്ക്, സ്റ്റഡി ടൂര്‍ തുടങ്ങിയവ
പഠനം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ മറ്റ് ഏത് ചെലവുകളും
വിദ്യാഭ്യാസ വായ്പ തിരിച്ചടവ്:
പഠനം പൂര്‍ത്തിയാക്കിയാല്‍ ഒരു വര്‍ഷത്തിനകം തിരിച്ചടവ് ആരംഭിക്കും. എടുത്ത വായ്പ തുക അനുസരിച്ച് 7 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. അതുപോലെ തന്നെ ഓരോ ബാങ്കിന്റെയും വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. ചില ബാങ്കുകള്‍ പെണ്‍കുട്ടികള്‍ക്കും പലിശ കൃത്യമായി അടയ്ക്കുന്നവര്‍ക്കും ഇളവുകള്‍ നല്‍കാറുണ്ട്. വിദ്യാഭ്യാസ വായ്പയ്ക്ക് അടച്ച പലിശയ്ക്ക് നികുതി ആനുകൂല്യങ്ങളും നേടാന്‍ കഴിയും. ആദായ നികുതി വകുപ്പിന്റെ നിയമം അനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിനായി എടുത്ത വ്യക്തിഗത വായ്പക്കാര്‍ക്ക് മാത്രമാണ് നികുതി ആനുകൂല്യം ലഭിക്കുക. വിദ്യാഭ്യാസ വായ്പയുടെ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, ബാങ്കില്‍ നിന്ന് ഇഎംഐകളുടെയും പലിശകളുടെയും ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. വിദ്യാഭ്യാസ വായ്പയ്ക്കുള്ള നികുതി കിഴിവ് 8 വര്‍ഷത്തേക്ക് മാത്രമേ ലഭിക്കൂ. 8 വര്‍ഷത്തിനപ്പുറമുള്ള വായ്പകള്‍ക്ക് ആദായ വകുപ്പിന്റെ നികുതി കിഴിവുകള്‍ക്കായി ക്ലെയിം ചെയ്യാന്‍ കഴിയില്ല.