വിടചൊല്ലി നാട്; വാഹനാപകടത്തില്‍ മരിച്ച കൊയിലാണ്ടി പാലക്കുളത്തെ എബിന്റെ മൃതദേഹം സംസ്‌കരിച്ചു
കൊയിലാണ്ടി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പാലക്കുളത്തെ എബിന്റെ മൃതദേഹം സംസ്‌കരിച്ചു. വൈകീട്ട് മൂന്നരയോടെയായിരുന്നു സംസ്‌കാരം.
കഴിഞ്ഞ മാസം 27 ന് ഉണ്ടായ അപകടത്തിലാണ് എബിന് പരിക്കേറ്റത്. ആശ ആശുപത്രിക്ക് സമീപം ലിങ്ക് റോഡില്‍ വച്ചാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരാളെ ഇടിക്കുകയായിരുന്നു.
ബൈക്ക് ഇടിച്ച ആള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. എബിനൊപ്പമുണ്ടായിരുന്ന ആദിത്യന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും എബിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും നെഞ്ചിലുമായിരുന്നു പരിക്കേറ്റത്.
തുടര്‍ന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ അതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു എബിന്‍.
വസ്ത്രങ്ങള്‍ വാങ്ങാനായി എബിനും സുഹൃത്ത് ആദിത്യനും വടകരയിലേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്.
തിരുവങ്ങൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ കൊക്കവയല്‍കുനി ശശിയുടെയും കോടതി ജീവനക്കാരിയായ ഷൈബയുടെയും മകനാണ് എബിന്‍. വിദ്യാര്‍ത്ഥിയായ സച്ചിന്‍ സഹോദരനാണ്.
നാട്ടിലെ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എബിന്‍. പഠനകാലത്ത് എസ്.എഫ്.ഐയുടെ വടകര ഏരിയ കമ്മിറ്റി അംഗമായിരുന്നു.
മടപ്പള്ളി കോളേജിലാണ് എബിന്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ കേരള സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിരുന്നു. പഠനശേഷം നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുവഹിച്ചുവരുന്നതിനിടെയാണ് എബിനെ ആകസ്മികമായി മരണം കൊണ്ടുപോയത്.