മലയാളമാകെ കവിതയുടെ രാത്രിമഴ പെയ്യിച്ച കവിയിത്രി സുഗതകുമാരി ഇനി ഓര്‍മ


തിരുവനന്തപുരം:കവിയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ
സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണത്തിലിരിക്കെയാണ് അന്ത്യം.

ഇതോടെ ഏഴ് പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിനാണ് അന്ത്യംകുറിച്ചത്. മലയാള സാഹിത്യത്തിന് അതുല്യ സംഭാവന നല്‍കിയ കവിയിത്രിയായിരുന്നു. കൂടാതെ സ്ത്രീകള്‍ക്കും വേണ്ടിയും പരിസ്ഥിതിക്കു വേണ്ടിയും സമൂഹത്തില്‍ ശബ്ദമുയര്‍ത്തി.

കഴിഞ്ഞ ദിവസമാണ് ടീച്ചര്‍ക്ക് കോവിഡ് പോസീറ്റിവായത്. തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. നില വഷളയാതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് അന്ത്യമുണ്ടായത്. സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷയായിരുന്നു.

പ്രശസ്ത കവിയിത്രിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമന്‍സ് കോളേജ് സംസ്‌കൃതം പ്രൊഫസറായിരുന്നു കാര്‍ത്ത്യായനിയമ്മയുടെ മകളായി 1934 ല്‍ ജനിച്ചു. തത്വശാസ്ത്രത്തില്‍ എംഎ ബിരുദം നേടിയ ടീച്ചര്‍ തളിര് മാസികയുടെ പത്രാധിപരായും സംസ്ഥാന വനിതാകമ്മീഷന്റെ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവിയായിരുന്നു.

1961 ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയാണ് ആദ്യ കവിത. പിന്നീട് പാതിരാപ്പൂക്കള്‍, ഇരുള്‍ ചിറകുകള്‍, രാത്രിമഴ എന്നീ കവിതകള്‍ പ്രസിദ്ധീകരിച്ചു. രാത്രിമഴയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും സാഹിത്യപ്രവര്‍ത്തക അവാര്‍ഡും ലഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും സാമൂഹിക അനീതികള്‍ക്കെതിരയെും തൂലിക പടവാളാക്കി പൊരുതി. അഗതികളായ സ്ത്രീകള്‍ക്കായി അത്താണി എന്ന ഭവനം സ്ഥാപിച്ചു. കൂടാതെ മാനസിക രോഗികള്‍ക്ക് പരിചരണാലയം, അഭയഗ്രാമം എന്നിവയും സ്ഥാപിക്കുകയുണ്ടായി.

സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സാമൂഹിക സേവനത്തിനുളള ലക്ഷ്മി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, വളളത്തോള്‍ അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ് എന്നിവ ലഭിച്ചു. 2004 ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടി. പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുളള ഇന്ത്യാ സര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയുടെ ടീച്ചറെ തേടിയെത്തി. 2006 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.