വിജയാഘോഷം തീരും മുമ്പേ മലയാളി ക്രിക്കറ്റ് താരം സഞ്ജുവിന് തിരിച്ചടി; വന്‍തുക പിഴ ചുമത്തി ബി.സി.സി.ഐ


അബുദാബി: കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിന് വന്‍തുക പിഴ ചുമത്തി ബി.സി.സി.ഐ. 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ ചുമത്തിയിരിക്കുന്നത്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് നടപടി.ബുധനാഴ്ച നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ട് റണ്‍സിന് രാജസ്ഥാന്‍, പഞ്ചാബിനെ തോല്‍പിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 185 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.19 ഓവര്‍ കഴിയുമ്പോള്‍ തന്നെ പഞ്ചാബ് വിജയമുറപ്പിച്ചിരുന്നു. അവസാന ഓവറില്‍ വേണ്ടത് വെറും നാല് റണ്‍സ്. പ്രതിഭാധനരായ നിക്കോളാസ് പൂരാനും എയ്ഡന്‍ മാര്‍ക്രവും ക്രീസില്‍. യുവതാരം കാര്‍ത്തിക് ത്യാഗിയെയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പന്തെറിയാന്‍ ഏല്‍പ്പിച്ചത്.

ആദ്യ പന്തില്‍ മാര്‍ക്രത്തിന് റണ്‍സ് എടുക്കാനായില്ല. രണ്ടാം പന്തില്‍ താരം സിംഗിളെടുത്തു. മൂന്നാം പന്തില്‍ ത്യാഗി, പൂരാന്റെ വിക്കറ്റെടുത്തു. നാലാം പന്ത് ഡോട്ട് ബോളായതോടെ പഞ്ചാബിന് പിന്നീട് വേണ്ടത് രണ്ട് പന്തുകളില്‍ നിന്ന് രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെയും ത്യാഗി മടക്കിയതോടെ സര്‍വ കണക്കുകൂട്ടലുകളും തെറ്റി. അവസാന പന്തില്‍ പഞ്ചാബിന് വിജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്.

ബാറ്റുചെയ്യാനെത്തിയ ഫാബിയാന്‍ അലനെ കാഴ്ചക്കാരനാക്കിക്കൊണ്ട് ത്യാഗിയുടെ പന്ത് ഡോട്ട് ബോളായി. ഇതോടെയാണ് രാജസ്ഥാന്‍ അവിശ്വസനീയ ജയം സ്വന്തമാക്കിയത്.