വികസനഗാഥയുമായി ജമീല, ഗ്രാമങ്ങളെ തൊട്ടറിഞ്ഞ് സുബ്രഹ്മണ്യന്‍, കടലോരത്തിന്റെ കാറ്റേറ്റ് രാധാകൃഷ്ണന്‍; പോരാട്ടച്ചൂടിൽ കൊയിലാണ്ടി


കൊയിലാണ്ടി: ചൊവ്വാഴ്ച രാവിലെ പത്തര. പന്തലായനി വെളളിലാട്ട് താഴ, ചുവന്ന കൊടി തോരണങ്ങളാല്‍ പ്രദേശമാകെ അലങ്കരിച്ചിട്ടുണ്ട്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ പ്രചരണ വാഹനങ്ങള്‍ ഒന്നൊന്നായി കടന്നു വരികയാണ്. കൊയിലാണ്ടിയുടെ വികസന തുടര്‍ച്ചയ്ക്ക് എല്‍.ഡി.എഫ് വരണമെന്ന് മൈക്ക് അനൗണ്‍സ്‌മെന്റ്. സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.രവീന്ദ്രന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ തുറന്ന വാഹനത്തില്‍ ജമീലയെത്തി.

മുന്നില്‍ ബാന്റ്‌സെറ്റും ചെണ്ടയും. പ്രാദേശിക നേതാക്കളും വനിതാ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളോടെ ജമീലയെ എതിരേറ്റു. പുഞ്ചിരി തൂകി, കൈവീശി യോഗസ്ഥലത്ത് കൂടി നിന്നവരുടെ അടുക്കലെക്ക്. സ്ത്രീവോട്ടര്‍മാരുടെ തോളില്‍ തട്ടിയും ചെറിയ കുട്ടികളുടെ കവിളില്‍ തലോടിയും സ്ഥാനാര്‍ത്ഥി അവരിലൊരാളായി. നേരെ മൈക്കിനടുത്തേക്ക്.

കെ.ദാസന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരണം. രണ്ട് പ്രളയവും, നിപയും കോവിഡും തീര്‍ത്ത പ്രതിസന്ധി ഉള്‍ക്കരുത്തോടെ നേരിട്ട പിണറയി സര്‍ക്കാര്‍ സംസ്ഥാനത്ത് തുടരണം. അതിന് കൊയിലാണ്ടിയില്‍ എല്‍.ഡി.എഫ് ജയിക്കണം. ചെറു പ്രസംഗം അവസാനിപ്പിച്ചു വീണ്ടും ആള്‍ക്കൂട്ടത്തിനിടയിലേക്ക്. വീണ്ടും തുറന്ന വാഹനത്തില്‍ കയറി തൊട്ടടുത്ത സ്വീകരണ കേന്ദ്രമായ സൂത്രക്കാട്ടിലേക്ക്.

വഴിയോരങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ കാണാന്‍ ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു.ജമീലയുടെ വരവറിയിച്ച് മുന്നില്‍ ബാന്റ് മേളം. അനൗണ്‍സ്‌മെന്റ് വാഹനത്തിലും മുന്നിലെ രണ്ട് മൂന്ന് കാറുകളിലുമായി ഇടതു മുന്നണി നേതാക്കളുടെ വന്‍ പട. കെ.ദാസന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, നഗരസഭ ചെയര്‍മാന്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ സത്യന്‍, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ തുടങ്ങിയവര്‍ ജമീലയെ അനുഗമിക്കുന്നുണ്ട്.

സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസായ നായനാര്‍ മന്ദിരത്തിന് സമീപത്തുളള സൂത്രക്കാട്ടില്‍ സ്ഥനാര്‍ത്ഥിക്ക് വലിയ വരവേല്‍പ്പ്. സ്ഥാനാര്‍ത്ഥിയെത്തുമ്പോള്‍ സി.പി.ഐ നേതാവ് എസ്.സുനില്‍ മോഹന്റെ പ്രസംഗം. അവിടെയും സ്ഥാനാര്‍ത്ഥിയുടെ ചെറു പ്രസംഗം. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയില്‍ കൊയിലാണ്ടി പ്രദേശവുമായുളള അടുപ്പം അവര്‍ പ്രത്യേകം പറഞ്ഞു. ഗ്രാമവീഥികളിലൂടെ ജമീലയുടെ തുറന്ന വാഹനം മുന്നോട്ട്. അടുത്ത സ്വീകരണ കേന്ദ്രം മണമലാണ്.

അവിടെയും സാമാന്യം നല്ല ആള്‍ക്കൂട്ടം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളും സ്ഥാനാര്‍ത്ഥിയെ വരവേറ്റു. നേരെ വീട്ടമ്മമാരുടെ അരികിലേക്ക്. എല്ലാവരോടും സഹായിക്കണമെന്ന അഭ്യര്‍ത്ഥന. ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും യാത്ര. കെ.ദാസന്‍ എം.എല്‍.എ കൊയിലാണ്ടി മണ്ഡലത്തില്‍ നടത്തിയ വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ജമീലയുടെ സംസാരം. രാവിലെ കൊല്ലത്ത് നിന്ന് തുടങ്ങിയ പര്യടനം വിയ്യൂര്‍, നടേരി ഒറ്റക്കണ്ടം, കാവുംവട്ടം, മരുതൂര്, അണേല, വരകുന്ന്, കാളക്കണ്ടം, കോമത്തുകര, പയറ്റുവളപ്പില്‍, ചെറിയമങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി ഇ.എം.എസ് കോര്‍ണറില്‍ സമാപിച്ചു.

സ്ഥാനാര്‍ത്ഥിയുടെ വരവറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.വി.ബാലകൃഷ്ണന്റെ ആകര്‍ഷകമായ ശബ്ദം റിക്കോര്‍ഡ് ചെയ്ത അനൗണ്‍സ്‌മെന്റ് വാഹനം. പിന്നില്‍ തൂവെളള തൊപ്പിയണിഞ്ഞ നൂറ് കണക്കിന് പ്രവര്‍ത്തകരോടൊപ്പം നടന്നു വരുന്ന സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്മണ്യന്‍. ചൊവ്വാഴ്ച രാവിലെ തിരുവങ്ങൂരില്‍ നിന്നു തുടങ്ങിയ യാത്രയില്‍ ഗ്രാമ പഞ്ചായത്തിലെ പ്രധാന പ്രവര്‍ത്തകരെല്ലാമുണ്ട്.കൊടുംവെയിലിനെ വകവെക്കാതെയാണ് യാത്ര. ഒരൊറ്റ ലക്ഷ്യം മാത്രമേ ഈ യാത്രയ്ക്കുളളു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കൊയിലാണ്ടിയില്‍ തുടരുന്ന ഇടത് കുത്തക തകര്‍ക്കുക.

കോണ്‍ഗ്രസ്സിന്റെയും മുസ്ലിംലീഗിന്റെയും നേതാക്കളെല്ലാം ഓരോ സ്വീകരണ കേന്ദ്രങ്ങളും ജന നിബിഡമാക്കാന്‍ ശ്രദ്ധയോടെ രംഗത്തുണ്ട്. പൊരിവെയിലില്‍ പ്രവര്‍ത്തകരോടൊപ്പം നടന്നു പോകുമ്പോള്‍ ക്ഷീണമോ, തളര്‍ച്ചയോ ഇല്ലെന്നാണ് സുബ്രഹ്മണ്യന്‍ പറയുന്നത്. താന്‍ ജയിച്ചാല്‍ മണ്ഡലത്തിന്റെ വികസനത്തിനായി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഓരോ യോഗത്തിലും പറയുന്നുണ്ട്.

കൊയിലാണ്ടിയുടെ ഗതാഗത കുരുക്കിന് പരിഹാരം കാണും, കടലോര മേഖലയുടെ കുടിവെളള ക്ഷാമം പരിഹരിക്കും. നമ്മുടെ നാടിനെ അടയാളപ്പെടുത്തിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് അര്‍ഹമായ ഒരു സ്മാരകം. ഉച്ചഭക്ഷണം തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയ്ക്ക് സമീപത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സോമന്‍ പിളളയുടെ വീട്ടിലായിരുന്നു. ഭക്ഷണത്തിന് മുമ്പ് തൊട്ടടുത്ത പറമ്പില്‍ ചെറിയൊരു സ്വീകരണം. കോണ്‍ഗ്രസ് നേതാവ് വി.വി.സുധാകരന്റെ പ്രസംഗം കത്തിക്കയറുമ്പോഴാണ് സുബ്രഹ്മണ്യന്‍ എത്തിയത്.

പ്രവര്‍ത്തകര്‍ നല്‍കിയ ചൂടുവെളളം കുടിക്കുന്നതിനിടയില്‍ അയല്‍പക്കങ്ങളില്‍ കൂടി നില്‍ക്കുന്ന സ്ത്രീകളുടെ അടുത്തേക്ക്. ഒരൊറ്റ വാക്ക് മാത്രം. എന്നെ മറക്കരുതെ. സുധാകരന്റെ കയ്യില്‍ നിന്ന് മൈക്ക് വാങ്ങി സംസാരം തുടങ്ങിയപ്പോള്‍ കര്‍ണ്ണാടക പി.സി.സിയുടെ മലയാളിയായ സെക്രട്ടറി ടി.എം.ഷാഹിദും അവിടയെത്തി. പ്രസംഗത്തിന് ശേഷം ഷാഹിദുമായി അല്‍പ്പം രഹസ്യം പറച്ചില്‍. എ.ഐ.സി.സി നിയോഗിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകനാണ് ഷാഹിദ്. ഉമ്മയുടെ നാട് പയ്യോളി ഇരിങ്ങത്താണെന്ന് പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം.

മാടഞ്ചേരി സത്യനാഥന്‍, വിജയന്‍ കണ്ണഞ്ചേരി, വി.വി.സുധാകരന്‍, സി.വി.ബാലകൃഷ്ണന്‍, ടി.ടി.ഇസ്മയില്‍, റഷീദ് വെങ്ങളം, രാജേഷ് കീഴരിയൂര്‍, എ.കെ.ജാനിബ്, മോഹനന്‍ നമ്പാട്ട്, റസീന ഷാഫി തുടങ്ങിയവരെല്ലാം സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. തിരുവങ്ങൂര്‍, ഗള്‍ഫ് റോഡ്, പൂക്കാട്, കുനിക്കണ്ടി മുക്ക്, തുവ്വക്കോട്, കൊളക്കാട്, വെറ്റിലപ്പാറ, വെങ്ങളം, കോരപ്പുഴ, കാട്ടിലെ പീടിക, ചീനിച്ചേരി, വികാസ് നഗര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കാപ്പാട് ടൗണില്‍ പര്യടനം സമാപിച്ചപ്പോള്‍ രാത്രി ഒന്‍പതായിരുന്നു.

എന്‍.പി രാധാകൃഷ്ണനോടൊപ്പം ഓടിയാല്‍ എത്തില്ലെന്നാണ് കൂടെയുളളവര്‍ പറയുന്നത്. ഓട്ടമാണ്. കടലോരത്തില്‍ കളിച്ചു വളര്‍ന്ന രാധാകൃഷ്ണന് മെല്ലെ നടക്കാനാറിയില്ല. ചെങ്ങോട്ടുകാവില്‍ കണ്ടാല്‍ പിന്നെ കാണുക മൂടാടിയിലാവും. കടലോരത്തെത്തിയാല്‍ പൂഴിമണ്ണില്‍ വലതുന്നുന്ന തൊഴിലാളികളോടൊപ്പം കൂടി അവരിലൊരാളാവും. ആരോടും കൂടും,കൊച്ചു വര്‍ത്തമാനങ്ങള്‍ പറയും.

കൊയിലാണ്ടി മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.പി രാധാകൃഷ്ണന്‍ മണ്ഡലമാകെ കലക്കി മറിക്കുകയാണ്. നല്ലകോളു പ്രതീക്ഷിച്ചാണ് കളി. കടലോരമേഖലയുടെ ചാഞ്ചാട്ടം കൊയിലാണ്ടി മണ്ഡലത്തിന്റെ രാഷ്ട്രീയം മാറ്റുമെന്ന് രാധാകൃഷ്ണന് നന്നായി അറിയാം. പരമാവധി വീടുകളിലെത്തി നേരിട്ട് വോട്ട് തേടുകയാണ് രാധാകൃഷ്ണന്റെ രീതി. കാതടപ്പിക്കുന്ന അനൗണ്‍സ്‌മെന്റ് വാഹനങ്ങളുടെ ശബ്ദ കോലാഹലങ്ങള്‍ വിട്ട് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടാണ് പ്രചരണം.

കടലോര നിവാസികള്‍ കുടിവെളള കിട്ടാതെ വലയുന്ന പ്രശ്‌നവും, വിദേശ ട്രോളറുകള്‍ക്ക് കടല്‍ അരിച്ചുപെറുക്കാന്‍ പിണറായി സര്‍ക്കാര്‍ അനുമതി കൊടുത്തതുമെല്ലാം ലളിതമായിട്ടാണ് ഈ മല്‍സ്യ തൊഴിലാളി വിശദീകരിക്കുന്നത്. കൊയിലാണ്ടി മണ്ഡലത്തില്‍ ബി.ജെ.പിയുടെ ശക്തി കാണാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചേമഞ്ചേരി, തിരുവങ്ങൂര്‍, വെറ്റിലപ്പാറ, ശിവജി നഗര്‍ എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും കയറിയിറങ്ങി വോട്ട് തേടിയ ശേഷം ബുധനാഴ്ച മുചുകുന്ന് മേഖലയിലായിരുന്നു പ്രചാരണം.

കോളനികളിലും, മുചുകുന്ന് ഓട്ട് കമ്പനിയിലും എത്തി. പിന്നീട് വലിയ മല കോളനി, ചെറിയ കോളനി, മുചുകുന്ന് നീര ഫാക്ടറിയിലുമെത്തിയ ശേഷം കേരള ഗാന്ധി കേളപ്പജിയുടെ ജന്മ വീട്ടിലും സന്ദര്‍ശനം നടത്തി. വലിയ മല കോളനിയിലെയും, ചെറിയ കോളനിയിലെയും പൊതുവായ പ്രശ്‌നങ്ങള്‍ വീട്ടുകാര്‍ രാധാകൃഷ്ണനെ ധരിപ്പിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് രാധാകൃഷ്ണന്റെ ഉറപ്പ്.

പരമ്പരാഗത മണ്‍പാത്ര തൊഴിലാളികളെ കണ്ട് അവരുടെ പ്രയാസങ്ങളും, ഈ മേഖലയുടെ പ്രതിസന്ധിയുടെ ആഴവും മനസ്സിലാക്കി. ഖാദി നൂല്‍നൂല്‍പ് കേന്ദ്രത്തിലെ തൊഴിലാളികളെയും സന്ദര്‍ശിച്ചു. ബീ.ജെ.പി നേതാക്കളായ കെ.വി.സുരേഷ്, വി.കെ.രാമന്‍, സതീഷ്, പി.പി.സന്തോഷ്, നെല്ലിമീത്തില്‍ ബാലകൃഷ്ണന്‍, വി.കെ.മുകുന്ദന്‍, പി.വിശ്വനാഥന്‍, സുനില്‍, റെനീഷ് തുടങ്ങിയവര്‍ അനുഗമിച്ചു.