വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; എൽ.ഡി.എഫി ന്റെ വികസന മുന്നേറ്റ ജാഥ ആരംഭിച്ചു
കാസർക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ യാത്രക്ക് തുടക്കം. കാസർകോട് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് മുഖ്യമന്ത്രി യാത്ര ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു.കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു. എല്ലാ അഗ്നിപരീക്ഷകളെയും സർക്കാരും ഇടതുജനാധിപത്യ മുന്നണിയും അതിജീവിച്ചു. 2016 യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ഈ നാശം ഒഴിഞ്ഞ് കിട്ടിയാൽ മതിയെന്നായിരുന്നു. എൽഡിഎഫ് ചെയ്ത കാര്യങ്ങൾക്ക് തുടർച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് വടക്കൻ മേഖലാ ജാഥ പര്യടനം നടത്തുക. ഫെബ്രുവരി 26 ന് നടക്കുന്ന വടക്കൻ മേഖലാജാഥയുടെ സമാപന സമ്മേളനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പങ്കെടുക്കും.
കാസർഗോഡ് നിന്ന് എ.വിജയരാഘവൻ നേതൃത്വം നൽകുന്ന ജാഥയിൽ എൽഡിഎഫ് നേതാക്കളായ കെ.പി.രാജേന്ദ്രൻ (സിപിഐ), അഡ്വ.പി.സതീദേവി(സിപിഎം), പി.ടി.ജോസ് (കേരള കോൺഗ്രസ് എം), കെ.ലോഹ്യ (ജനതാദൾ എസ്), പി.കെ.രാജൻ മാസ്റ്റർ (എൻ സി പി), ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), കെ.പി.മോഹനൻ (ലോക്താന്ത്രിക് ജനതാദൾ), ജോസ് ചെമ്പേരി (കേരള കോൺഗ്രസ് ബി), കാസിം ഇരിക്കൂർ (ഐഎൻഎൽ), ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്കറിയ), അഡ്വ.എ.ജെ.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ അംഗങ്ങളാണ്.