വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കൂമ്പാറ നിലനിര്‍ത്തി എല്‍.ഡി.എഫ്; ആദര്‍ശ് ജോസഫിന് വിജയം


തിരുവമ്പാടി : കൂമ്പാറ വാര്‍ഡ് നിലനിര്‍ത്തി എല്‍.ഡി.എഫ്. കൂമ്പാറയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആദര്‍ശ് ജോസഫ് വിജയിച്ചു. യു.ഡി.എഫിന്റെ സുനേഷ് ജോസഫിനെ ഏഴ്് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയത്.

ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് 447 വോട്ടും യു.ഡി.എഫിന് 440 ഉം ബി.ജെ.പിക്ക് 13 ഉം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 4 വോട്ടും ലഭിച്ചു.

ലിന്റോ ജോസഫിനെ എം.എല്‍.എ.യായി തിരഞ്ഞെടുത്തതിനെത്തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലിന്റോ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. യു.ഡി.എഫ് വാര്‍ഡായിരുന്ന കൂമ്പാറ 212-വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ പിടിച്ചെടുത്തത്.

ഇടതുമുന്നണിയില്‍ കഴിഞ്ഞതവണ വിമതശല്യമുണ്ടായിരുന്നതിനാല്‍ ഏറെ കരുതലോടെയാണ് അവര്‍ ഇക്കുറി കരുക്കള്‍നീക്കിയത്. എം.എല്‍.എ. വാര്‍ഡില്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പ്രചാരണത്തിനെത്തുകയുണ്ടായി.

കൂമ്പാറ തിരിച്ച് പിടിക്കാനായി ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി സുനേഷ് ജോസഫിനെ കളത്തിലിറക്കി വാശിയേറിയ പോരാട്ടമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. പ്രാദേശിക നേതാക്കളെ അണിനിരത്തി ചിട്ടയായ പ്രചാരണം നടത്തിയെങ്കിലും എല്‍.ഡി.എഫിനൊപ്പമാണ് ജനം നിന്നത്. സീറ്റ് കിട്ടിയില്ലെങ്കിലും ഭൂരിപക്ഷം കുറയ്ക്കാന്‍ യു.ഡി.എഫിന് സാധിച്ചു.

ആദര്‍ശ് ജോസഫ് (എല്‍.ഡി.എഫ്.), സുനേഷ് ജോസഫ് (യു.ഡി.എഫ്.), ഇ.ആര്‍. ലജീഷ് (എന്‍.ഡി.എ.) എന്നിവരാണ് മുന്നണിസ്ഥാനാര്‍ഥികള്‍. സുനിഷ് എന്നപേരില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ടായിരുന്നു.