മനോഹരം; വാഗ്ഭടാനന്ദ പാർക്ക് ജനങ്ങൾക്കായി തുറന്ന് നൽകി
വടകര: ആധുനിക കേരളത്തെ വാർത്തെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച നവോത്ഥാന നായകന്മാരില്‍ ഒരാളായ ശ്രീ വാഗ്ഭടാനന്ദ ഗുരുവിന്റെ സ്മരണയ്ക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വാഗ്ഭടാനന്ദ പാർക്ക് നാടിന് സമര്‍പ്പിച്ചു.
പൊതു ജനങ്ങളുടെ കായികവും മാനസികവുമായ വളർച്ചയ്ക്കും, വിനോദത്തിനും ഉതകുന്ന രീതിയിലാണ് വിനോദ സഞ്ചാര വകുപ്പ് പാർക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഓപ്പൺ ജിം, ബാഡ്മിന്റൺ കോര്‍ട്ട്, നടപാത നവീകരണം, റെയിൻ ഷെല്‍ട്ടര്‍, കിയോസ്കുകള്‍, ടോയിലറ്റ് ബ്ലോക്ക്, കിണര്‍ നവീകരണം, ഇലക്ട്രിക്കല്‍ പ്രവർത്തി, സെക്യൂരിറ്റി ക്യാബിൻ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പാർക്കിൽ ഒരുക്കിയിരിക്കുന്ന അനുബന്ധ സൗകര്യങ്ങൾ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജാതി വിവേചനം അടക്കമുള്ള ദുരാചാരങ്ങൾക്കും വിഗ്രഹാരാധന ഉൾപ്പെടെയുള്ള വിശ്വാസങ്ങൾക്കും എതിരെ അദ്വൈതദർശനത്തിലൂന്നി പോരാട്ടം നയിച്ച സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം.
കേവല ആദ്ധ്യാധമികതയ്ക്ക് അപ്പുറം ഭൗതിക ജീവിതത്തിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നേടാൻ സംഘടിത യത്നം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ശ്രീ വാഗ്ഭടാനന്ദ ഗുരു, ആ വഴിക്കുള്ള പ്രവർത്തനങ്ങളുടെ വേദിയായി ‘ആത്മ വിദ്യ സംഘ’ത്തിന് രൂപം നൽകിയ വടകര കാരക്കാടിന്റെ മണ്ണിലാണ് അദ്ദേഹത്തിന്റെ സ്മാരകമായി പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക