വാഗ്ദാനം പാലിക്കാനുള്ളതാണ് എന്ന് തെളിയിക്കുന്നു ഈ ജനപ്രതിനിധി


മലപ്പുറം: തിരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർത്ഥികൾ ജനങ്ങൾക്ക് പലവിധ വാഗ്ദാനങ്ങൾ നൽകാറുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വാഗ്ദാനങ്ങൾ പലതും പാഴ്വാക്കുകളാവാറാണ് പതിവ്. കളികമ്പക്കാരുടെ നാടായ മലപ്പുറത്ത് ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം പാലിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്.

സ്ഥാനാർത്ഥി ആയതു മുതൽ പ്രദേശത്തെ യുവാക്കൾ മുന്നോട്ട് വെച്ച പ്രധാന ആവശ്യമായിരുന്നു കളിക്കാൻ ഒരു മൈതാനം വേണം എന്നത്. താൻ ജയിച്ചാൽ കളിക്കളം യാഥാർത്ഥ്യമാക്കും എന്ന വാഗ്ദാ നൽകിയാണ് മലപ്പുറം നഗരസഭ നാലാം വാർഡ് കള്ളാടികുന്നിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വർഷങ്ങളായി മുസ്ലിം ലീഗ് ജയിച്ച വാർഡിൽ ഇത്തവണ ചരിത്രത്തിൽ ആദ്യമായി എൽ.ഡി.എഫ് വിജയിച്ചു. 65 വോട്ടിനായിരുന്നു വിജയം. ഫാത്തിമ സുഹറ കൗൺസിലറായി.

കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട് ആദ്യം തന്നെ താൻ നൽകിയ വാഗ്ദാനം പാലിച്ച് മാതൃകയായിരിക്കുകയാണ് ഫാത്തിമ സുഹറ. ഭർത്താവ് ചാലാട്ടിൽ കള്ളിടിത്തൊടി സി.കെ.അയമുവിന്റെ കുടുംബസ്വത്തായ ആലിയ പറമ്പിലെ 80 സെന്റ് സ്ഥലം മൈതാനം നിർമ്മിക്കാനായി സൗജന്യമായി വിട്ടു നൽകി. ജെസിബി ഉപയോഗിച്ച് സ്ഥലം ഫുട്ബോൾ മൈതാനമാക്കിയതും സ്വന്തം ചെലവിൽ.

തങ്ങളുടെ വർഷങ്ങളായ ആവശ്യം യാഥാർത്ഥ്യമായത് വിശ്വസിക്കാനാവാതെ സന്തോഷത്തിലാണ് പ്രദേശത്തെ യുവാക്കൾ. സമീപ വാർഡുകളിലൊന്നും മൈതാനം ഇല്ലാത്തതിനാൽ ദിവസവും നിരവധി പേരാണ് ഇവിടെ കളിക്കാൻ എത്തുന്നത്. യുവാക്കൾ സ്ഥിരമായി കളിക്കുന്ന പാടത്ത് മഴക്കാലത്ത് വെള്ളവും ചെളിയും നിറഞ്ഞ് മാസങ്ങളോളം പിന്നെ കളിക്കാൻ കഴിയില്ല. തങ്ങൾ വർഷങ്ങളായി കൊണ്ടുനടക്കുന്ന ആഗ്രഹം യാഥാർത്ഥ്യമാക്കിയ ഫാത്തിമ സുഹറയ്ക്ക് നന്ദി പറയുകയാണ് പ്രദേശത്തെ യുവാക്കൾ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക