വാക്സിന് എടുത്താലും കൊവിഡ് വന്നേക്കാം, പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള വൈറസ്; സൗമ്യാ സ്വാമിനാഥന്
ഇന്ത്യയില്‍ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്സിന് നല്കുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥന്. ഒക്ടോബറിലാണ് ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയത്. വളരെ അപകടകരമായ വൈറസ് വകഭേദത്തിന്റെ കൂട്ടത്തിലാണ് അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെ പെടുത്തിയിരിക്കുന്നത്. വാക്സിനെടുത്തതുവഴിയോ ഒരിക്കല്‍ കോവിഡ് ബാധയുണ്ടായതുവഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാന്‍ ജനിതകമാറ്റം ഈ വകഭേദത്തെ സഹായിച്ചിട്ടുണ്ടാകുമെന്ന് സൗമ്യ പറഞ്ഞു.
കോവിഡിനെതിരായ പ്രതിരോധത്തില്‍ ഇന്ത്യ അലംഭാവം കാണിച്ചു. ആളുകള്‍ അടുത്തിടപെടാന്‍ ഇടയാകുന്ന വലിയ കൂട്ടായ്മകള്‍ നടന്നു. ഇതാണ് വൈറസ് നിശ്ശബ്ദമായി പടരുന്നതിന് കാരണമായത്. വാക്സിനേഷന്‍കൊണ്ടുമാത്രം ഇപ്പോഴത്തെ സ്ഥിതിയെ നിയന്ത്രിക്കാനാവില്ലെന്ന് സൗമ്യ പറഞ്ഞു. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് രണ്ടുശതമാനം പേര്‍ക്കുമാത്രമേ വാക്സിന് നല്‍കിയിട്ടുള്ളൂ. രാജ്യത്തെ 70-80 ശതമാനംപേരെയും വാക്സിനേറ്റ് ചെയ്യാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കും. പൊതുജനങ്ങള്‍ കൃത്യമായ സുരക്ഷയോടെ കോവിഡിനെ തുരത്താനുള്ള ശ്രമം നടത്തണമെന്ന് സൗമ്യ സ്വാമിനാധന്‍ അറിയിച്ചു.