വാക്സിൻ വിതരണത്തിന് സജ്ജമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി
കൊയിലാണ്ടി: ജനുവരി 16 ന് ആരംഭിക്കുന്ന കൊവിഡ് വാക്സിനേഷന് വിതരണത്തിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ 12 വാക്സിനേഷന് സെന്ററുകളാണ് ജില്ലയിലുള്ളത്.
കൊവിഡ് വാക്സിനേഷന് വിതരണവുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. ജില്ലയില്‍ വാക്സിനായി 34,055 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഗവ.മെഡിക്കല്‍ കോളേജ്, ബീച്ച് ഗവ. ജനറല്‍ ആശുപത്രി, ആസ്റ്റര്‍ മിംസ്, ഗവ. ആയുര്‍വ്വേദ ജില്ലാ ആശുപത്രി, ഇഎസ്ഐ, മുക്കം സാമൂഹികാരോഗ്യ കേന്ദ്രം, നാദാപുരം സിഎച്ച്സി, കൊയിലാണ്ടി താലുക്ക് ആശുപത്രി, പേരാമ്പ്ര താലുക്ക് ആശുപത്രി, നരിക്കുനി സിഎച്ച്സി, തിരുവങ്ങുര്‍ സിഎച്ച്സി, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളാണ് ജില്ലയിലെ വാക്സിനേഷന് സെന്ററുകള്‍.
ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നളി പോരാളികള്‍ക്കുമാണ് വാക്സിന് വിതരണം ചെയ്യുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നീ രണ്ട് വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക