വാക്‌സിന്‍ എടുക്കാത്തവര്‍ ജാഗ്രത പാലിക്കുക; രണ്ടര മാസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍


കോഴിക്കോട്: കേരളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90% പേർ ഒരു ഡോസ് വാക്സീൻ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനത്തിൽ കണ്ടെത്തി. ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷം, ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്ന് വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ വാക്സീൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണ്.

വാക്സീൻ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള 92% പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയെന്നാണ് സർക്കാരിന്റെ കണക്കെങ്കിലും പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേർ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നും ഇവർ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോർട്ട്.

വാക്സീൻ എടുത്തശേഷം കോവിഡ് വന്നു മരിച്ചവരിൽ ഏതാണ്ട് 700 പേർ ഒരു ഡോസ് മാത്രം എടുത്തവരാണ്. മരിച്ചവരിൽ ഏതാണ്ട് 200 പേരാണ് 2 ഡോസും എടുത്തിരുന്നത്. ഇവരിൽ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരായിരുന്നുവെന്നാണ് വിലയിരുത്തൽ.

ഡെൽറ്റ വകഭേദം മൂലം രോഗവ്യാപനം തീവ്രമായ ഈ കാലയളവിൽ ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത് മരണങ്ങളുണ്ടായത് തൃശൂർ ജില്ലയിലാണ്. ഇവിടെ 1021 പേരാണ് മരിച്ചത്‌. ഇതിൽ ഒരു ഡോസ് വാക്സീനെങ്കിലും എടുത്തത് 60 പേർ മാത്രമായിരുന്നു. പാലക്കാട്ടു മരിച്ച 958 പേരിൽ ഒരു ഡോസ് വാക്സീൻ എടുത്തിരുന്നത്‌ 89 പേർ മാത്രം.

വാക്സീൻ എടുത്തശേഷം അൻപതിലേറെപ്പേർ മരിച്ച മറ്റു ജില്ലകൾ– എറണാകുളം 81, കോഴിക്കോട് 74, മലപ്പുറം 73, പത്തനംതിട്ട 53. രണ്ടു ഡോസും എടുത്തശേഷം മരിച്ചവർ ഓരോ ജില്ലയിലും ശരാശരി 15 മാത്രം. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരുമായ 9 ലക്ഷത്തോളം പേർ വാക്സീൻ എടുക്കാൻ തയാറാകുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

മരിച്ച 9195 പേരിൽ 6200 പേർ (67.43%) ഗുരുതര രോഗബാധിതരായിരുന്നു. 2995 പേരാണ് കാര്യമായ രോഗങ്ങളില്ലാതെ കോവിഡിനു കീഴടങ്ങിയത്. ഗുരുതരവും അല്ലാത്തതുമായ രോഗങ്ങളുടെ വിശദ കണക്ക് ഇങ്ങനെ: പ്രമേഹം 26.41%, രക്തസമ്മർദം 26.11%, ഹൃദ്രോഗം 11.07%, വൃക്കരോഗം 8.19%, ശ്വാസകോശരോഗം 4.14%, പക്ഷാഘാതം 2.73%, തൈറോയ്ഡ് 1.67 %. ഇതിലും കുറവാണ് കാൻസർ ഉൾപ്പെടെ മറ്റു രോഗങ്ങളാൽ മരിച്ചവരുടെ തോത്.