വാക്സിനേഷന്‍ കോവിഡ് മരണനിരക്ക് കുറയ്ക്കുന്നു; 2 ഡോസ് സ്വീകരിച്ചവര്‍ക്ക് 95%വരെ പ്രതിരോധം-ഐസിഎംആര്‍


ചെന്നൈ: കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കോവിഡ് വാക്‌സിനേഷന് സാധിക്കുമെന്ന് ഐസിഎംആര്‍ പഠനം. തമിഴ്‌നാട് പോലീസ് സേനയില്‍ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍ പഠനം നടത്തിയിരിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നതിലൂടെ വാക്സിനേഷന്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും പരിഹാരമാവുന്നുവെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 14 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സംസ്ഥാനത്തെ 1,17,524 പോലീസുകാരില്‍ 32,792 പേര്‍ ആദ്യ ഡോസും 67,673 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. 17,059 പേര്‍ വാക്സിന്റെ ഒരു ഡോസും സ്വീകരിച്ചിട്ടില്ല.

സംസ്ഥാനത്തെ മൊത്തം പോലീസുകാരില്‍ ഈ വര്‍ഷം ഏപ്രില്‍ 13 മുതല്‍ മെയ് 14 വരെയുള്ള കാലയളവില്‍ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ നാല് പേര്‍ രണ്ട് ഡോസ് വാക്സിനും ഏഴ് പേര്‍ ഒരു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. 20 പേര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. 34 മുതല്‍ 58 വരെ പ്രായമുള്ളവരാണ് മരിച്ചത്. ഇതില്‍ 29 പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

ആകെ റിപ്പോര്‍ട്ട് ചെയ്ത മരണത്തില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍, ഒരു ഡോസ് സ്വീകരിച്ചവര്‍, രണ്ട് ഡോസ് സ്വീകരിച്ചവര്‍ എന്നിവരുടെ മരണനിരക്ക് യഥാക്രമം ആയിരം പോലീസുകാരില്‍ 1.17 ശതമാനം, 0.21 ശതമാനം, 0.06 ശതമാനം എന്നിങ്ങനെയാണ്.

പഠനം സൂചിപ്പിക്കുന്നതനുസരിച്ച് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരിലെ മരണനിരക്ക് കുറവാണ്. ഒരു ഡോസ് സ്വീകരിച്ചവരില്‍ 0.18, രണ്ട് ഡോസ് സ്വീകരിച്ചവരില്‍ 0.05 എന്നിങ്ങനെയാണ് കോവിഡ് മരണത്തിനുള്ള സാധ്യത. അതേസമയം വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണനിരക്ക് ഉയര്‍ന്ന നിലയിലുമാണ്.

കോവിഡ് 19 രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനമാണ്. ഒരു ഡോസ് സ്വീകരിച്ചവരില്‍ ഇത് 82 ശതമാനമാണെന്നും ഐസിഎംആര്‍ പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.