‘വളരെ അത്യാവശ്യമായതിനാല്‍ അലമാരയില്‍ നിന്ന് പണം എടുത്തിട്ടുണ്ട്, വൈകാതെ തിരിച്ചു താരം’; മലപ്പുറത്ത് കത്തെഴുതിവച്ച് 67000 രൂപ മോഷ്ടിച്ച് കള്ളന്‍


എടപ്പാൾ : വീട്ടിലെ അലമാരയിൽനിന്ന് 67000 രൂപ എടുത്തിട്ടുണ്ട്. വളരെ അത്യാവശ്യമായതിനാലാണ്. വൈകാതെ തിരിച്ചു തരാം, എനിക്ക് മാപ്പു തരണം… എന്ന് സ്വന്തം കള്ളൻ.

എടപ്പാളിനടുത്ത കാളാച്ചാലിലെ വീട്ടിൽ മോഷണം നടത്തിയ ശേഷം കള്ളൻ എഴുതി വെച്ച കത്തിലെ വരികളാണിവ. പരിചയമുള്ള ആളാണെന്ന് തോന്നിക്കുന്ന വിധത്തിലുള്ള കത്തിൽ വീട്ടിലുള്ള ചിലരുടെ പേരുകളും പറയുന്നുണ്ട്. കാളാച്ചാൽ കൊട്ടിലിങ്ങൽ ഷംസീറിന്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം പണം നഷ്ടപ്പെട്ടത്.

അത്യാവശ്യകാര്യത്തിനായി സ്വർണാഭരണം പണയം വെച്ച് കിട്ടിയ പണമാണ് ഷംസീർ അലമാരയിൽ സൂക്ഷിച്ചത്. കൃത്യമായി അതറിയാവുന്നതു പോലെയാണ് വീട്ടുകാരുറങ്ങും മുൻപ് അകത്തു കയറി പണം കൈക്കലാക്കിയത്. പോകുമ്പോൾ വീട്ടിനു പുറത്തെഴുതി വെച്ച രണ്ടു പേജുള്ള കത്ത് ഇങ്ങിനെ തുടരുന്നു. ഷംസീർ എന്നോട് ക്ഷമിക്കണം. ഞാൻ നിന്റെ വീട്ടിൽ നിന്ന് പൈസ എടുത്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് വയ്യ. ഞാൻ ആരാണെന്ന് പറയുന്നില്ല. നിനക്ക് എന്നെ അറിയാം, എനിക്ക് നിന്നെയും. ഞാൻ നിന്റെ വീടിന്റെ അടുത്തുള്ള ആളാണ്. എന്റെ പേര് പറയുന്നില്ല. ഷംന കുളിക്കുമ്പോൾ വന്നതാണ്. ഉമ്മ ഉണ്ടായിരുന്നു വീട്ടിൽ. ഞാൻ ഇത് ഇവിടെ വെക്കുന്നു. പൈസ ഞാൻ തിരിച്ചു തരാം. ഇവിടെ കൊണ്ടു വെച്ചോളാം. കുറച്ചു സമയം തരണം. എന്റെ വീട്ടിൽ അറിഞ്ഞിട്ടില്ല. എനിക്ക് അത്രയും ആവശ്യം വന്നത് കൊണ്ടാണ്. എനിക്കിപ്പോൾ എണീറ്റ് നടക്കാൻ വയ്യ. എനിക്ക് മാപ്പ് തരണം. എന്ന്…. ഇത്രയുമാണ് കത്തിലുള്ളത്. ഷംസീറിന്റെ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി.