വളയത്ത് തണല്‍ മരം കടപുഴകി വീണ് വന്‍ നാശം; 11 കെ.വി പോസ്റ്റുകള്‍ മുറിഞ്ഞ് വീണു; നാലു പേര്‍ക്ക് വൈദ്യുതാഘാതമേറ്റു; കടകള്‍ക്കും സാരമായ കേടുപാടുകള്‍


വടകര: വളയത്ത് കനത്ത കാറ്റിലും മഴയിലും വളയത്ത് വന്‍ നാശ നഷ്ടം. തണല്‍ മരം ആയിരുന്ന വലിയ മരം റോഡില്‍ കടപുഴകി വീണതാണ് നാശനഷ്ടത്തിന് കാരണം. 11 കെ വി വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് മുറിഞ്ഞ് വീഴുകയും ആളുകള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയും ചെയ്തു.

വളയം പാറക്കടവ് റോഡില്‍ ഇന്നലെ എട്ടേമുക്കാലോടെയാണ് സംഭവം. തണല്‍ മരം കടപുഴകി പ്രധാന ഇലക്ട്രിക് ലൈനിന് മുകളില്‍ പതിക്കുകയായിരുന്നു. വളയം ഗവ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വളപ്പിലെ മരമാണ് വീണത്. ഇതേ തുടര്‍ന്ന്് 11 കെവി ലൈന്‍ വലിച്ച രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. അപകടത്തില്‍ ടൗണ്‍ പരിസരത്ത് കടയില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഉടന്‍ വൈദ്യുതി വിഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് കടകള്‍ക്ക് സാരമായ കേട് പാടുകള്‍ സംഭവിച്ചു. വളയം പൊലീസും ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.