വരും ദിവസങ്ങളിലും മഴ തുടരുമെന്ന് പ്രവചനം; കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത


കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിലും മഴ തുടരും. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായിട്ടാണ് അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിനും വടക്ക് കിഴക്കന്‍ രാജസ്ഥാനും മുകളിലായി നേരത്തെ രൂപപ്പെട്ട ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴയ്ക്കു കാരണമായത് ഇതിന്റെ സ്വാധീനമാണ്. ഇതൊടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴിയുടെ കൂടി സ്വാധീനം ശക്തമായാല്‍ സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

തിങ്കളാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.