വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്ന വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്സിനേഷന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് വയോജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഇത്തരത്തിലുള്ള രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വയോക്ഷേമ കോള്‍ സെന്ററിനോടൊപ്പമാണ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായും മന്ത്രി വ്യക്തമാക്കി.

കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള സഹായം ആവശ്യമുള്ള വയോജനങ്ങള്‍ക്ക് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സംബന്ധമായ സഹായങ്ങള്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായകേന്ദ്രങ്ങള്‍ വഴി നല്‍കുന്നതാണ്. മറ്റ് വകുപ്പുകളുടെ ഏകോപനത്തോടെയും ജില്ലകളിലുള്ള വോളന്റിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയുമായിരിക്കും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

സഹായകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ജില്ലയിലേക്ക് പരമാവധി 3 പേരെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് നിയോഗിക്കുന്നതാണ്. ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സായംപ്രഭ ഹോമുകളിലെ കെയര്‍ഗിവേഴ്സിനെ ജില്ലകളിലെ സഹായ കേന്ദ്രത്തിലേക്ക് പരിഗണിക്കാവുന്നതാണ്. ജില്ലകളിലുള്ള സന്നദ്ധ വോളന്റിയര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, മറ്റ് വോളന്റിയര്‍മാര്‍ എന്നിവരേയും പരിഗണിക്കാവുന്നതാണ്. മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ളവരും ഓണ്‍ലൈന്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് കഴിവുള്ളവരേയും നിയോഗിക്കേണ്ടതാണ്.

വയോജനകോള്‍ സെന്ററുകളില്‍ ലഭ്യമായിട്ടുള്ള വയോജനങ്ങളുടെ ഫോണ്‍ നമ്പര്‍ മുഖേന ഹെല്‍പ്പ് ഡസ്‌കില്‍ നിന്നും വയോജനങ്ങളുമായി ബന്ധപ്പെട്ട് വാക്സിനേഷന്‍ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് രജിസ്ട്രേഷന്‍ നടത്തി രജിസ്ട്രേഷന്‍ ഐഡി അവരെ അറിയിക്കുന്നു. പ്രസ്തുത ഐഡി ഉപയോഗിച്ച് വയോജനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വാക്സിനേഷന്‍ സെന്ററില്‍ നിന്നും വാക്സിന്‍ എടുക്കാവുന്നതാണ്.