വയനാട്ടില്‍ കടുവയുടെ ആക്രമണം; ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് പരിക്ക്


പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി കൊളവള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. ജനവാസ മേഖലയിലില്‍ നിന്നും കടുവയെ തുരത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

കൊളവള്ളിയില്‍ കടുവ ഇറങ്ങിയെന്ന വിവരം ലഭിച്ചതോടെ തുടര്‍ന്ന് നാട്ടുകാരുള്‍പ്പെടെ വനപാലക സംഘത്തിന്റെ നേതൃത്വത്തില്‍ തിരിച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി കടുവയ്ക്കായി നാട്ടുകാരും വനപാലകരും തിരിച്ചില്‍ നടത്തുകയാണ്. വൈകിട്ട്് മൂന്നരയോടെ കടുവയെ കണ്ടെത്തി കീഴ്പ്പെടുത്തുന്നതിനിടെയാണ് റേഞ്ച് ഓഫീസറെ കടുവ ആക്രമിക്കുന്നത്. പരിക്ക് സാരമുള്ളതല്ല. ശശികുമാറിനെ വയനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടക വനാതിര്‍ത്തിയില്‍ കബനി നദിയോട് ചേര്‍ന്നുള്ള പ്രദേശമാണ് കൊളവള്ളി. കബനി നദിയുടെ മറുകരയിലുള്ള വന്യജീവി സങ്കേതത്തില്‍ നിന്ന് പുഴ കടന്നെത്തിയ കടുവയാണ് ജനവാസമേഖലയിലെത്തിയിട്ടുള്ളതെന്നാണ് നിഗമനം. കാടിറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെയടക്കം അക്രമിക്കുന്ന സാഹചര്യമുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇന്ന് ഒരു കൃഷിയിടത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

കൊയിലാണ്ടി ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ..

https://chat.whatsapp.com/J0QR3Wo1v4VGhnE5plcCek