വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണമെന്ന് സിപിഎം ചക്കിട്ടപാറ ലോക്കല്‍ സമ്മേളനം; പുതിയ ലോക്കൽ സെക്രട്ടറിയായി എ.ജി ഭാസ്കരനെ തെരഞ്ഞെടുത്തു


ചക്കിട്ടപാറ: സിപിഎം ചക്കിട്ടപ്പാറ ലോക്കല്‍ കമ്മിറ്റിയെ ഇനി എ.ജി ഭാസ്‌കരന്‍ നയിക്കും. സെക്രട്ടറി അടക്കം 15 അംഗങ്ങളുള്ള പുതിയ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. ചക്കിട്ടപ്പാറയില്‍ വി.വി ദക്ഷിണാമൂര്‍ത്തി നഗറില്‍ ചേര്‍ന്ന ലോക്കല്‍ സമ്മേളനം മുന്‍ എം.എല്‍.എയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു.

വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണമെന്ന് സിപിഎം ചക്കിട്ടപാറ ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം കാരണം കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. റബ്ബര്‍, തെങ്ങ്, കവുങ്ങ്, മറ്റു ഇടവിള കൃഷികള്‍ എല്ലാം പൂര്‍ണമായി നശിപ്പിക്കുകയാണ്. തുച്ഛമായ സംഖ്യയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. വന്യമൃഗ ശല്യത്തില്‍ നിന്നും കാര്‍ഷിക മേഖലയെ സംരക്ഷിക്കാനാവശ്യമായ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ എ.കെ പത്മനാഭന്‍, എ.കെ ബാലന്‍, കെപി. ബിജു, കെ.എം. കുഞ്ഞിക്കണ്ണന്‍, പള്ളുരുത്തി ജോസ്, എന്‍.പി ബാബു, കെ സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.പി രഘുനാഥ്,സുജാത മനക്കല്‍, കെ.കെ നൗഷാദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. രക്ത സാക്ഷി പ്രമേയം റിജു രാഘവനും, അനുശോചന പ്രമേയം കെ.കെ നൗഷാദും അവതരിപ്പിച്ചു