വനിതാ പോളിയില്‍ സ്പോട്ട് അഡ്മിഷന്‍ നാളെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (30/11/2021) ഇങ്ങനെ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
വനിതാ പോളിയില്‍ സ്പോട്ട് അഡ്മിഷന്‍ നാളെ
മലാപ്പറമ്പ് ഗവ.വനിതാ പോളിടെക്നിക് കോളേജിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നാളെ
(നവംബര്‍ 30) കോളേജില്‍ നടത്തും. പുതിയതായി അപേക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ ഇന്ന് രാവിലെ 9.30ന് സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പുതിയതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷ ഫീസ് ആയി എസ്‌സി/എസ്ടി വിഭാഗത്തില്‍പെടുന്നവര്‍ 75 രൂപയും മറ്റുള്ളവര്‍ 150 രൂപയും ഓണ്‍ലൈനായി ഓഫീസില്‍ അടക്കണം. പുതിയ അപേക്ഷകരോടൊപ്പം നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം. എസ്.എസ്.എല്‍.സി, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസാനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം.
പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ അപേക്ഷകരും ഒരു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരും കോഷന്‍ ഡെപ്പോസിറ്റായി 1000 രൂപയും ഒരു ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ ഫീസായി 3780 രൂപയും എടിഎം കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം. പിടിഎ ഫണ്ടായി 1500 രൂപ പണമായി ഒടുക്കണം. അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526123432, 0495 2370714.

കോവിഡ് നിയമലംഘനം: 37 കേസുകൾ രജിസ്റ്റർ ചെയ്തു

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 37 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് റൂറലിൽ 18 കേസുകളും നഗര പരിധിയിൽ 16 കേസുകളും രജിസ്റ്റർ ചെയ്തു.

സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുളള ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെയും വില്ലേജ് റിസോഴ്സ്പേഴ്സണ്‍മാരുടെയും തസ്തികകളിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ല്‍ ലഭ്യമാണ്. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഡിസംബര്‍ 10 നകം ഡയറക്ടര്‍, സി.ഡബ്ല്യു.സി ബില്‍ഡിംഗ്സ്, രണ്ടാം നില, എല്‍.എം.എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0471 2724696.

റേഷന്‍ കടയുടെ അംഗീകാരം റദ്ദാക്കി

റേഷന്‍ കടയുടെ നടത്തിപ്പ് സംബന്ധിച്ച് ഉപഭോക്താവിന്റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വടകര താലൂക്കിലെ കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറയിലെ 212-ാം നമ്പര്‍ റേഷന്‍ കടയുടെ അംഗീകാരം വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ താത്കാലികമായി റദ്ദ് ചെയ്തു.

പ്രാദേശിക അവധി

കോഴിക്കോട് ജില്ലയിലെ ഡി.II കോഴിക്കോട് ജില്ലാ പഞ്ചായത്ത് (20 – നന്മണ്ട), ജി.54 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് (07-കൂമ്പാറ), ജി.39 ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് (15 – വളളിയോത്ത്) നിയോജകമണ്ഡലങ്ങളിലേക്ക് ഡിസംബര്‍ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രസ്തുത മണ്ഡലങ്ങളുടെ പരിധിക്കുളളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുവാന്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സമ്പൂര്‍ണ്ണ മദ്യനിരോധനം

ഡിസംബര്‍ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡി.II കോഴിക്കോട് ജില്ലാ പഞ്ചായത്ത് (20 – നന്മണ്ട), ജി.54 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് (07-കൂമ്പാറ), ജി.39 ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് (15 – വളളിയോത്ത്) നിയോജകമണ്ഡലങ്ങളില്‍ ഡിസംബര്‍ അഞ്ചിന് വൈകീട്ട് ആറ് മണിക്ക് ശേഷവും ഡിസംബര്‍ ആറ്, ഏഴ്, എട്ട് തീയതികളിലും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.

പാചക വാതക അദാലത്ത് ജനുവരി 6 ന്

കോഴിക്കോട് ജില്ലയില്‍ 2022 ജനുവരി ആറിന് രാവിലെ 11 മണിക്ക് പാചകവാതക അദാലത്ത് (എല്‍.പി.ജി ഓപ്പണ്‍ ഫോറം) ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്‍.പി.ജി വിതരണവുമായോ ഗ്യാസ് ഏജന്‍സികളുമായോ ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ/സിറ്റി റേഷനിംഗ് ഓഫീസര്‍മാരെ 2021 ഡിസംബര്‍ 20 നകം അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കോഴ്സുകള്‍

എസ്.എസ്.എല്‍.സി. പാസ്സായ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ സൗജന്യ ‘ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍’, ‘എംപ്ലോയ്മെന്റ് കോച്ചിങ്ങ് പ്രോഗ്രാം’ കോഴ്സുകളില്‍ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍/ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ജിഎസ്ടി – ടാലി) എന്നീ കോഴ്സുകളുമുണ്ട്. ഫോണ്‍: 0495 2720250.

ഡ്രൈവര്‍മാര്‍ക്ക് പരിശീലനം

ആപത്ക്കര വസ്തുക്കള്‍ വഹിച്ച് യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിത ഗതാഗതത്തിനു പരിശീലനം നല്‍കുന്നു.

സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുളള ശാസ്ത്രീയ പരിശീലനം ഡിസംബര്‍ എട്ട്, ഒന്‍പത്, 10 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 0471 2779200.

ഓപ്പറേഷന്‍ വിബ്രിയോ’ – ജില്ലയില്‍ 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ വിബ്രിയോ’ പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച 52,086 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 2,043 ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ആകെ 1,04,346 വീടുകള്‍ സന്ദര്‍ശിച്ചു. ഭക്ഷണസാധനങ്ങ്ള്‍ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 1,501 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 100 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 256 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 10,521 ലഘുലേഖകള്‍ വിതരണം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രചരണവും ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഡി.എം.ഒ. അറിയിച്ചു.
നെഹ്റുയുവ കേന്ദ്ര : ജില്ലാതല പ്രസംഗ മത്സര വിജയികള്‍

നെഹ്റുയുവ കേന്ദ്രയുടെ ജില്ലാതല പ്രസംഗ മത്സരത്തില്‍ സാമൂവല്‍ വി ജെ ഒന്നാം സ്ഥാനവും നന്ദന വി രണ്ടാം സ്ഥാനവും അഭിറാം പി പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇരുപത്തഞ്ചോളം യുവതീയുവാക്കള്‍ മത്സരത്തില്‍ പങ്കെടുത്തു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീധനപീഡനം എന്നിവ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ജില്ലാ വനിതാ സംരക്ഷണ ഓഫീസ് ഡിസംബര്‍ 10 വരെ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീധനം എന്നിവയ്ക്കെതിരെയുള്ള സന്ദേശം ജനപ്രതിനിധികള്‍, സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍, ക്ഷേമ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ എത്തിക്കുക എന്നതാണ് പ്രചരണ പരിപാടികളുടെ ലക്ഷ്യം.

ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ വിവിധ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഐസിഡിഎസ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിച്ച ബോധവത്കരണ ശില്‍പശാല റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കു നേരെ അനുദിനം വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്ക് ശാശ്വത പരിഹാരം സാധ്യമാകണമെങ്കില്‍ സാമൂഹികാവബോധം കൂടിയേ തീരു എന്നും സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുവാന്‍ ശരിയായ ഉള്‍കാഴ്ചയുള്ള സമൂഹത്തിന് മാത്രമേ സാധ്യമാകൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ബാരി യു.അധ്യക്ഷത വഹിക്കുകയും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി.ദിനേശ്, വിമന്‍ പാട്ടക്ഷന്‍ ഓഫീസര്‍ ഡോ.എ.കെ.ലിന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു. സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അഡ്വ.സി.കെ.സീനത്ത് ബോധവത്കരണ ക്ലാസ്സെടുത്തു.

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ പി.എസ്.സി അഭിമുഖം

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍, മലയാളം മീഡിയം, കാറ്റഗറി നം. 516/19 തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ 165 പേര്‍ക്കായുളള രണ്ടാംഘട്ട അഭിമുഖം ഡിസംബര്‍ 1,2,3,15,16,17 തീയതികളില്‍ രാവിലെ 9.30 മുതല്‍ കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് 19 ചോദ്യാവലി പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുളളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭിക്കാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2371971.

കോവിഡ് ആശുപത്രികളിൽ 1,923 കിടക്കകൾ ഒഴിവ്

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,599 കിടക്കകളിൽ 1,923 എണ്ണം ഒഴിവുണ്ട്. 130 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 556 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 369 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 281 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

നാല് സി.എഫ്.എൽ.ടി.സികളിലായി 310 കിടക്കകളിൽ 308 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 183 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.