‘വനിതകള്‍ക്ക് സംവരണം, ജില്ലകളില്‍ അച്ചടക്ക സമിതി, ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് വക്താക്കള്‍’; കോണ്‍ഗ്രസിന് പിന്നാലെ അടിമുടി മാറാനൊരുങ്ങി മുസ്ലിം ലീഗും


മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് സമാനമായി അടിമുടി മാറാനൊരുങ്ങി മുസ്ലിം ലീഗും. തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് മാസത്തിന് ശേഷമാണ് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ നടപ്പാക്കാന്‍ നേതൃത്വം തീരുമാനിക്കുന്നത്. ‘ഹരിത’ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്.

ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനായി നിശ്ചയിച്ച പത്തംഗ സമിതി തയ്യാറാക്കിയ നയരേഖ മഞ്ചേരിയില്‍ ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗം ചെറിയ ഭേദഗതികളോടെ അംഗീകാരിച്ചു. യോഗത്തിന് ശേഷം ംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമാണ് തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്.

മുസ്ലിം ലീഗിന്റെ പോഷകസംഘടനകളിളുടെ ഭാരവാഹിത്വത്തില്‍ 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നതാണ് ഇതില്‍ പ്രധാന തീരുമാനം. പോഷക സംഘടനകളെ ശാക്തീകരിച്ച് പാര്‍ട്ടി മുന്നോട്ട് പോകും. കൂടാതെ കോണ്‍ഗ്രസിന്റെ മാതൃകയില്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതികള്‍ രൂപീകരിക്കും. പ്രവര്‍ത്തകര്‍ക്കും ഭാരവാഹികള്‍ക്കും സംഘടനാ അച്ചടക്കം നിര്‍ബന്ധമാക്കുന്നതിനായാണ് ഇത്.

ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായി വക്താക്കളെ നിയോഗിക്കുമെന്നതാണ് മറ്റൊരു തീരുമാനം. മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട നേതാക്കളുടെ ഷെഡ്യൂള്‍ കോഴിക്കോട് ലീഗ് ഹൗസില്‍ നിന്ന് തയ്യാറാക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് സംസ്ഥാനത്തുടനീളം മൂന്ന് ബാച്ചുകളായി മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വാര്‍ഡ്/ബൂത്ത് കമ്മിറ്റികള്‍ വരെയുളള കീഴ്ഘടകങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് മുഖാമുഖ പരിപാടി സംഘടിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ട 12 സീറ്റുകളിലെ പരാജയകാരണങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു സംസ്ഥാന ഭാരവാഹിയും ഒരു എം.എല്‍.എയും അടങ്ങുന്ന രണ്ടംഗ കമ്മീഷനുകള്‍ക്ക് രൂപം നല്‍കി. ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ മുസ്ലിംലീഗ് ഓഫീസുകള്‍ സ്മാര്‍ട്ട് സംവിധാനങ്ങളോടെ സേവന കേന്ദ്രങ്ങളാക്കി മാറ്റും. ദളിത്, പിന്നോക്ക, ന്യൂനപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുളള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. പൂക്കോയതങ്ങള്‍ പാലിയേറ്റീവ് കെയര്‍ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുകയും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു പ്രത്യക സെല്‍ രൂപീകരിക്കുകയും ചെയ്യും.

ഔദ്യോഗിക ചുമതലകളില്‍ ഉളളവര്‍ പാര്‍ട്ടി നയങ്ങള്‍ക്ക് യോജിക്കാത്ത രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമുണ്ട്. ഹരിത വിവാദങ്ങള്‍ എല്ലാം അവസാനിച്ചു എന്നും അത് കൊണ്ട് യോഗത്തില്‍ ചര്‍ച്ച ആയില്ല എന്നും ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു. അപശബ്ദങ്ങള്‍ ഒന്നും ഇല്ലാതെയാണ് യോഗം അവസാനിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതികള്‍ക്കെതിരെ നിശിത വിമര്‍ശനം ഉണ്ടായി. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്സില്‍ ഉണ്ടാകുന്ന പരസ്യ പോര് യു.ഡി.എഫിന് ദോഷം ചെയ്യുന്നതാണ് എന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഉണ്ടാകുന്ന തിരിച്ചടികള്‍ കൂടി കാണേണ്ടത് ഉണ്ടെന്നും പ്രവര്‍ത്തക സമിതിയില്‍ അഭിപ്രായമുയര്‍ന്നു.

‘കാലാകാലങ്ങളില്‍ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നെല്ലാം അവര്‍ കരകയറിയിട്ടുണ്ട്. പ്രതിസന്ധി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രാപ്തമാണ് എന്നാണ് ലീഗ് നേതൃത്വം വിശ്വസിക്കുന്നത്,’ ഇങ്ങനെയായിരുന്നു പി.എം.എ. സലാം ഇക്കാര്യത്തില്‍ പറഞ്ഞത്.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭാവത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.എം.എ. സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ്, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ എം.സി. മായിന്‍ ഹാജി, പി.എച്ച്. അബ്ദുസ്സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം. സാഹിര്‍, സി.പി. ബാവ ഹാജി, സി.എം.എ. കരീം, കെ.ഇ. അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍ കല്ലായി, കെ.എസ്. ഹംസ, ടി.എം. സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എം. ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച്. റഷീദ്, ബീമാപ്പള്ളി റഷീദ്, പി.എം. സാദിഖലി, സി.പി. ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, ജില്ലാ പ്രസിഡന്റ്-സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷക ഘടകം പ്രതിനിധികള്‍, മറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങി 130 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.