വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം; കൂരാച്ചുണ്ട് സ്വദേശി റഷീദിന്റെ മൃതദേഹവുമായി താമരശ്ശേരി റേഞ്ച് ഓഫീസ് ഉപരോധിക്കും


പേരാമ്പ്ര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി റഷീദിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കാതിരുന്ന വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം. ഒക്ടോബറില്‍ നടന്ന അപകടത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന റഷീദ് ഇന്നലെയാണ് മരണപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന് അനുകൂലമായ നിലപാടല്ല വനം വകുപ്പ് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി നാട്ടുകാര്‍ ഇന്ന് താമരശ്ശേരി റേഞ്ച് ഓഫീസ് ഉപരോധിക്കും.

അപകടവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. അപകടം നടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന ഇവരോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ രാജീവ് കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വാഹനത്തില്‍ കാട്ടുപന്നിയുടെ രോമമില്ലാത്തതിനാലാണ് നഷ്ടപരിഹാരം നിഷേധിച്ചതെന്നത് വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ നഷ്ടപരിഹാര അപേക്ഷ നല്‍കിയപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിഹസിച്ചെന്ന് റഷീദിന്റെ മകന്‍ റഹ്‌സില്‍ ആരോപിച്ചു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണെങ്കിലും നഷ്ടപരിഹാരത്തേക്കാള്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള പരിഹാസവും അവഗണനയുമാണ് ഇവരെ ഏറെ വേദനിപ്പിച്ചത്. വനംവകുപ്പിന്റെ നിലപാടില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.

റഷീദ് മരണപ്പെട്ടതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ് ചെയ്യുന്നതെന്ന് അഡ്വ. സുമിന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആശുപത്രിയിലെ ബോണ്ട് സര്‍ട്ടിഫിക്കറ്റില്‍ കാട്ടുപന്നിയുടെ ആക്രമണത്താലാണ് അപകടം നടന്നിട്ടുള്ളതെന്ന് ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാട്ടുപന്നിയെ കണ്ടപ്പോള്‍ ഓട്ടോറിക്ഷ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

ഒക്ടോബര്‍ ആറിന് വിവാഹ സല്‍ക്കാരത്തിന് പങ്കെടുത്ത് തിരികെ കൂരാച്ചുണ്ടിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കട്ടിപ്പാറക്കടുത്ത് വെച്ച് കാട്ടുപന്നികള്‍ വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് റഷീദ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മൂന്ന് മീറ്റര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ്, മകള്‍ റിഫ്‌സിന ദില്‍ഷാദ് കുരുടിയത്ത്, ഇവരുടെ മകളായ രണ്ടുവയസുള്ള ഷെസാ മെഹ്‌റിന്‍ എന്നിവര്‍ക്ക് പരുക്കേറ്റു.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റഷീദിനെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഡയാലിസിസ് ചെയ്യുന്ന റഷീദിനെ പിന്നീട് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി റെയ്ഞ്ച് ഓഫീസറുടെ വീട്ടുപടിക്കല്‍ ഈ മാസം 11 മുതല്‍ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് റഷീദ് മരിച്ചത്.