‘വധഭീഷണി ഉണ്ട്, എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം അവരെ പിടിച്ചാല്‍ മതി’; നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍


മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജം ഇയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍വിളികള്‍ ഉണ്ടാകാറുണ്ട്. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കാസര്‍കോഡ് ചെമ്പരിക്ക ഖാസി എം. അബ്ദുല്ല മുസ്‌ലിയാരുടെ അനുഭവം തനിക്ക് ഉണ്ടാകുമെന്നാണ് ഭീഷണിപ്പെടുത്തുന്നവര്‍ പറയാറെന്നും അദ്ദേഹം പറഞ്ഞു.

ചെമ്പരിക്ക ഖാസിയുടെത് പോലെയുള്ള അനുഭവം തനിക്ക് ഉണ്ടായാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം ആനക്കയത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. പല ഓഫറുകളും ഇപ്പോള്‍ ഉണ്ട്. സി.എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും ഉണ്ടാകുകയാണെങ്കില്‍ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി. അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ല. അങ്ങനെ ആണ് മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ആവും.’ -അദ്ദേഹം പറഞ്ഞു.

വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ തീരുമാനത്തിനെതിരായി നിലപാട് എടുത്തതിന് പിന്നാലെ ജിഫ്രി തങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആക്രമണമുണ്ടായിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.