വടക്കുമ്പാട് – വഞ്ചീപാറ ഗോപുരത്തിലിടം റോഡ് നവീകരണം; കരാറുകാരനെ ഒഴിവാക്കി റീ ടെണ്ടര്‍ ചെയ്യണമെന്ന് സി.പി.എം പാലേരി ലോക്കല്‍ കമ്മിറ്റി


പേരാമ്പ്ര: വടക്കുമ്പാട് – വഞ്ചീപാറ ഗോപുരത്തിലിടം റോഡിന്റെ നവീകരണം പ്രവൃത്തി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ ഒഴിവാക്കി റീ ടെണ്ടര്‍ ചെയ്യണമെന്ന് ആവശ്യമായി സി.പി.എം പാലേരി ലോക്കല്‍ കമ്മറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. 2020 മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച റോഡിന്റെ പണി ഒന്നര വര്‍ഷം പിന്നിട്ടിട്ട് പത്ത് ശതമാനം പോലും പൂര്‍ത്തികരിച്ചിട്ടില്ലെന്ന് സി.പി.എം ആരോപിച്ചു.

വടക്കുമ്പാട് – വഞ്ചീപാറ ഗോപുരത്തിലിടം റോഡിന്റെ നവീകരണത്തിനായി അഞ്ച് കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ നിരവധി തവണ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉള്‍പ്പെടെ ഇടപെട്ടിട്ടും റോഡ് പണി ഇഴഞ്ഞാണ് നീങ്ങിയത്. ഇതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പേരാമ്പ്രയിലെത്തിയപ്പോള്‍ റിവ്യൂ നടത്തി പണി പൂര്‍ത്തികരിക്കാന്‍ നിര്‍ദ്ദേശിച്ചു.

റോഡിന്റെ തുടക്കത്തില്‍ വടക്കുമ്പാട് – കന്നാട്ടി വയല്‍ഭാഗം വീതി കൂട്ടി കരിങ്കല്‍ കൊണ്ട് ഇരു ഭാഗവും കെട്ടിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ ഏറെയായി പണി ഒന്നും നടക്കുന്നില്ല. റോഡിന്റെ പലയിടത്തും ചളിയായി കിടക്കുന്നതിനാല് കാല്‍ നട പോലും ദുഷ്‌ക്കരമായ അവസ്ഥയാണ്. റോഡ് പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് പണിയില്‍ വീഴ്ച വരുത്തിയ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പണി റീടെഡര്‍ ചെയ്യാന്‍ ആവിശ്യമായ നടപടി ഉണ്ടാകണമെന്നും കരാറുകാരനെതിരെ നിയമ നടപടി എടുക്കണമെന്നും റോഡ് പണി വേഗത്തില്‍ പൂര്‍ത്തിയക്കമെന്നും ആവശ്യപ്പെട്ടാണ് സി.പി.എം പാലേരി ലോക്കല്‍ കമ്മറ്റി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയത്.