വടകരയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽനിന്ന് 85,000 രൂപ പിടികൂടി
വടകര: സാമൂഹിക വനവത്കരണവിഭാഗം ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിൽനിന്ന് 85,000 രൂപ വിജിലൻസ് സംഘം പിടികൂടി. ദേശീയപാതയിൽ വടകരയ്ക്ക് സമീപം കൈനാട്ടിയിൽ വിജിലൻസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
നാലു കവറുകളിലായാണ് പണമുണ്ടായിരുന്നത്. കണ്ണൂർ ജില്ലയിലെ കരാറുകാരിൽനിന്ന് വാങ്ങിയ പണവുമായി വനംവകുപ്പ് ഉദ്യോഗസ്ഥൻ കാറിൽ കോഴിക്കോട് ഭാഗത്തേക്ക് വരുന്നതായ വിവരത്തെത്തുടർന്നാണ് വിജിലൻസ് കൈനാട്ടിയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. 85,000 രൂപ പിടികൂടിയ സാഹചര്യത്തിൽ വിജിലൻസ് ഈ പണം കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് വിജിലൻസ് വ്യക്തമാക്കി.