വടകരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയവരെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു


വടകര: യുവാവിനെ തട്ടിക്കൊണ്ടുപോയവരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിച്ചു. ജാമ്യക്കാരനായി വടകര എൻ.ഡി.പി.എസ്. കോടതിയിലേക്ക് വരുകയായിരുന്ന യുവാവിനെയാണ് മൂന്നംഗസംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. ഇരിക്കൂർ സ്വദേശികളായ ചേക്കിന്റകത്ത് മുബഷിർ (25), താഴെ പുറവിൽ സഫീർ (33), കെ.ടി. ഹൗസിൽ മനാഫ് (30) എന്നിവരെയാണ് വടകര ഇൻസ്പെക്ടർ കെ.കെ. ബിജുവും സംഘവും ഇരിക്കൂർ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. കണ്ണൂർ ഇരിക്കൂർ മുക്രിന്റകത്ത് ജാഫറിനെ (35) ആണ് ഇവർ തട്ടിക്കൊണ്ടുപോയത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടകര കോടതി പരിസരത്താണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. ജാഫറും സുഹൃത്ത് ഷംസീറും എൻ.ഡി.പി.എസ്. കേസിൽ ജയിലിൽ കഴിയുന്ന ആളെ ജാമ്യത്തിലെടുക്കാനായി വന്നതായിരുന്നു.

കോടതിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാറിൽ വലിച്ചുകയറ്റിയത്. തുടർന്ന് സുഹൃത്ത് ഷംസീർ വടകര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്ത് വിവരം സൈബർ സെല്ലിനും മറ്റ് സ്റ്റേഷനുകൾക്കും കൈമാറി. വാഹനം ഇരിക്കൂർ ഭാഗത്തേക്കാണ് പോകുന്നതെന്ന വിവരം കിട്ടിയതോടെ ഇരിക്കൂർ പോലീസിനെയും അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഘം പിടിയിലായത്. രാത്രിയോടെ വടകര സ്റ്റേഷനിലെത്തിച്ചു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാഫറിനെ സംഘം മർദിച്ചിരുന്നു. സാമ്പത്തിക ഇടപാട് തീർക്കാൻ തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്താനാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പോലീസിനു കിട്ടിയ വിവരം.

പോലീസ് സംഘത്തിൽ എസ്.ഐ. എം. നിജീഷ്, എ.എസ്.ഐ. ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവൻ, സിവിൽ പോലീസ് ഓഫീസർ ഷിനിൽ, ഡ്രൈവർ രാമകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.