വടകരയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്


വടകര: തെരുവുനായ്ക്കള്‍ സംഘം ചേര്‍ന്ന് ആക്രമിച്ച മത്സ്യത്തൊഴിലാളി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ചോമ്പാല്‍ ഹാര്‍ബറില്‍ മീന്‍ പിടിക്കാനായി പോയ മടപ്പള്ളിയിലെ കെ.സി ഷിജു (ഉണ്ണി)വിനെ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ഇരുപതോളം നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചത്.

പുലര്‍ച്ചയോടെ വീട്ടില്‍ നിന്നിറങ്ങിയ ഷിജുവിനെ അറക്കല്‍ ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് നായ്ക്കള്‍ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഷിജുവിനെ രക്ഷിച്ചത്. കൈക്കും കാലിനും ആഴത്തിലുള്ള മുറിവുകളുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പുലര്‍ച്ചെ ജോലിക്ക് പോകുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. രാത്രികാലങ്ങളില്‍ കാല്‍നടക്കാര്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും ഇതുവഴി യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. പരിക്കേറ്റ ഷിജുവിന് നഷ്ടപരിഹാരം നല്‍കണമെന്ന് വാര്‍ഡ് മെംബര്‍ ശാരദ വത്സന്‍ ആവശ്യപ്പെട്ടു.