വടകരയിലെ മൊബൈല്‍ കടകളില്‍ മോഷണം


വടകര: ലോക്ഡൗണില്‍ അടച്ചിട്ട രണ്ട് മൊബൈല്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം. വടകരയിലെ ലിങ്ക് റോഡിലെ സിറ്റി ടവറില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ വേള്‍ഡ്, കോട്ടക്കല്‍ ഗള്‍ഫ് ബസാര്‍ എന്നീ ഷോപ്പുകളിലാണ് മോഷണം നടന്നത്.

പയ്യോളി സ്വദേശി ഷംനാസില്‍ മുന്‍സീറിന്റ ഉടമസ്ഥതയിലുള്ള കോട്ടക്കല്‍ ഗള്‍ഫ് ബസാറില്‍ നിന്ന് പുതിയതും പഴയതുമായ 25 മൊബൈലുകള്‍, 40 വാച്ച്, സ്‌പ്രേ തുടങ്ങിയവയും നേര്‍ച്ചപ്പെട്ടിയില്‍ സൂക്ഷിച്ച 5000 രൂപയും മോഷണം പോയി.

ബസ്സിന്റെ പൊട്ടിയ ലിവര്‍ ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ലിവര്‍ കടയുടെ പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പഴങ്കാവിലെ പാലക്കല്‍ അനസിന്റ സെല്‍ വേള്‍ഡ് മൊബൈല്‍ ഷോപ്പില്‍ നിന്ന് 14 പുതിയ മൊബൈലുകളും നന്നാക്കാന്‍ നല്‍കിയ 16 മൊബൈല്‍ ഫോണുകളും അനുബന്ധ സാധനങ്ങളും 14,500 രൂപയുമാണ് നഷ്ടപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെയാണ് മോഷണ വിവരം അറിയുന്നത്. കടയുടമകളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പൊലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.