വടകരയിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ കൊവിഡ് വ്യാപനം; റൂറല്‍ എസ്.പി ഓഫീസിലെ മുപ്പതോളം ജീവനക്കാര്‍ക്ക് കൊവിഡ്‌


വടകര: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസില്‍ മുപ്പതോളം ജീവനക്കാര്‍ക്ക് കോവിഡ്. ഇതോടെ പുതുപ്പണത്തെ ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

ചികിത്സയിലുള്ളവര്‍ വീട്ടില്‍ നിന്ന് ഓണ്‍ലൈനായാണ് ജോലി ചെയ്യുന്നത്. രോഗം ബാധിച്ചവരില്‍ 26 പേരും മിനിസ്റ്റീരിയല്‍ ജീവനക്കാരാണ്. നാലു പോലീസുകാര്‍ക്കും രോഗമുണ്ട്. ആരുടെയും നില ഗുരുതരമല്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് പേരില്‍ രോഗബാധ കണ്ടെത്തിയത്. തിങ്കളാഴ്ചയും കുറച്ച് പേരില്‍ രോഗലക്ഷണം കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലുള്ളവരിലാണ് രോഗബാധ കൂടുതലും. കോമ്പൗണ്ടിലുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച്, ഡിസിആര്‍ബി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.