സി.പി.എം സ്വാധീന കേന്ദ്രങ്ങളിലടക്കം വോട്ട് ചോര്‍ന്നു: വടകരയിലെ പരാജയം എല്‍.ഡി.എഫ് പരിശോധിക്കണമെന്ന് എല്‍.ജെ.ഡി മണ്ഡലം കമ്മിറ്റി


വടകര: വടകര നിയമസഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയം എല്‍.ഡി.എഫ് പരിശോധിക്കണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ വടകര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇടത് മുന്നണിക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളിലടക്കം വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഇത് പരിശോധിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

എല്‍.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലമാണ് യു.ഡിഎഫ് പിന്തുണയോടെ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായ കെ.കെ രമ പിടിച്ചെടുത്തത്. ഇടതുമുന്നണി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തോളം വോട്ടുകള്‍ക്കാണ് കെ.കെ രമ പരാജയപ്പെടുത്തിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ജെ.ഡി.എസിലെ സി.കെ നാണു 9,511 വോട്ടിന് വിജയിച്ച മണ്ഡലമായിരുന്നു വടകര.

മണ്ഡലം പ്രസിഡന്റ് കെ.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.ഭാസ്‌കരന്‍, ജില്ലാ സെക്രട്ടറി പി.പി രാജന്‍, സംസ്ഥാന സമിതി അംഗങ്ങളായ എടയത്ത് ശ്രീധരന്‍, സി.പി.രാജന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍.കെ.അജിത്കുമാര്‍, ശ്രീജേഷ് നാഗപ്പള്ളി, അഡ്വ ബൈജു രാഘവന്‍, വി പി നാണു., സി.കുമാരന്‍, കെ.കെ.വനജ, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു.