‘ബാവ’ ഇല്ലായിരുന്നെങ്കില്‍ എല്ലാം കത്തി തീര്‍ന്നേനെ; വടകര തീപിടുത്തത്തില്‍ രക്ഷകനായി എത്തിയത് ബാവ എന്ന തെരുവ് നായ


വടകര: പുതിയ സ്റ്റാന്റിനടുത്തുളള ചെരുപ്പുകടയിലുണ്ടായ തീപിടുത്തത്തില്‍ രക്ഷയായത് ‘ബാവ’ എന്ന തെരുവുനായയുടെ അവസരോചിതമായ ഇടപെടല്‍. പ്ലാസ്റ്റിക് കത്തിയ രൂക്ഷഗന്ധം
തിരിച്ചറിഞ്ഞ തെരുവുനായ കുരച്ച ബഹളമുണ്ടാക്കുകയായിരുന്നു. ഇതോടെ ആളുകള്‍ ഓടിയെത്തുകയും തീപിടുത്തം ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു.

തീപുടത്തമുണ്ടായ കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കെ.എന്‍ ഫ്‌ളവര്‍ സ്റ്റാള്‍
ഉടമ പ്രകാശനമാണ് നായയുടെ അസാധാരണമായ കുര കേട്ട് ആദ്യം ഓടിയെത്തിയത്. കെട്ടിടത്തിലേക്കുള്ള ഗോവണി പടികള്‍ക്ക് സമീപത്തുനിന്നാണ് നായ കുരച്ചത്.

തീപിടത്തമുണ്ടായ സമയത്ത് രണ്ട് തൊഴിലാളികള്‍ ഉള്ളിലുണ്ടായിരുന്നു. ബാവ കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ് ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

ചൊവ്വാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു ചെരുപ്പുകടയില്‍ തീപിടുത്തമുണ്ടായത്. തലശേരി ചമ്പാട് ഐശ്വര്യയില്‍ ഖാലിദിന്റെ ഉടമസ്ഥതയിലുള്ള പാദകേന്ദ്ര കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു തീപിടിത്തം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറുലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്.