വടകര കൈനാട്ടിയില്‍ ഭര്‍തൃവീട്ടിലെ അലമാരയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
വടകര: അഴിയൂര്‍ സ്വദേശിനി റിസ്വാനയുടെ (21) മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍ ഹരിദാസിനാണ് അന്വേഷണച്ചുമതല.
റിസ്വാനയുടെ മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഭര്‍തൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അച്ഛന്‍ റഫീഖിന്റെ പ്രതികരണം. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകള്‍ ഒരിക്കലും തൂങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
റിസ്വാന മരിച്ചവിവരം പോലീസില്‍ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന് ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഈമാസം ആദ്യമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്.