ആനക്കുളത്ത് ലോറിയിൽ ബസ്സിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്, ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിൽ


കൊയിലാണ്ടി: ആനക്കുളത്ത് ദേശീയപാതയിൽ. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബസ്സിടിച്ച് അപകടം. വാഹനത്തിനു കേടുപാടുകൾ സംഭവിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.

തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറിയുടെ ലോറിയിലാണ് ബസ്സിടിച്ചത്. തലശ്ശേരി ഭാഗത്തു നിന്ന് വരുകയായിരുന്ന ബസ്സാണ് ലോറിയുടെ പുറകു വശത്തിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മുൻവശത്തെ കണ്ണാടിച്ചില്ല് തകർന്ന്‌ റോഡിൽ മുഴുവൻ ചിതറിയ നിലയിലായിരുന്നു.

അപകടത്തിൽ ചിലർക്ക് സാരമായി പരിക്കേറ്റു. ഒരു യാത്രക്കാരിയുടെ കൈക്ക് ഒടിവുണ്ട്. വയോധികനായ മറ്റൊരു യാത്രക്കാരന്റ പല്ലുകൾ ഒടിഞ്ഞതായി കൊയിലാണ്ടി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ഉടനെത്തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനം ഓടിച്ചുപ്പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നതിനാൽ ആദ്യം വശത്തേക്ക് ഒതുക്കിയിടുകയും പിന്നീട് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് ഗതാഗതം അൽപ്പ നേരത്തേക്ക് സ്തംഭിച്ചു.