ലോക്ഡൗണ്‍ ‘കുടുങ്ങി’ പ്രവാസിയും ടാക്‌സി ഡ്രൈവറും; മത്സ്യക്കൃഷിയില്‍ നൂറുമേനി വിജയം


പേരാമ്പ്ര: ലോക്ഡൗണുകള്‍ സാധാരണക്കാരായ മനുഷ്യരെ കുറച്ചൊന്നുമല്ല വലച്ചിട്ടുള്ളത്. നാടന്‍ പണിക്കാരും ഗള്‍ഫില്‍ നിന്നെത്തിയവരുമായ പലര്‍ക്കും മാസങ്ങള്‍ നീണ്ടുനിന്ന ലോക്ഡൗണുകള്‍ വലിയ രീതിയിലുള്ള ജീവിതപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലുള്ള രണ്ടു മനുഷ്യര്‍ ഒത്തു ചേര്‍ന്നപ്പോഴാണ് പുതിയൊരു ചിന്തയുദിച്ചത്. പേരാമ്പ്ര ടൗണിലെ ടാക്‌സിഡ്രൈവറായ കൂത്താളി വയലാളി ബാലകൃഷ്ണനും പ്രവാസിയായ ധനീഷും കൂട്ടായി മത്സ്യക്കൃഷി നടത്തുകയായിരുന്നു. ഫലമോ, നൂറുമേനി വിജയവും.

െ്രെഡവറായ ബാലകൃഷ്ണന്‍ ലോക്ഡൗണ്‍ ആരംഭിച്ചതോടെ ജോലി ഇല്ലാതാവുകയും ധനീഷ് നാട്ടിലെത്തി ലോക്ഡൗണില്‍ നാട്ടില്‍ കുടുങ്ങുകയുമായിരുന്നു. ധനീഷിന്റെ ഭാര്യ വീടിനോട് ചേര്‍ന്നു രണ്ട് കുളങ്ങള്‍ നിര്‍മിച്ച് ആറ് മാസം മുന്‍പാണ് മത്സ്യകൃഷി തുടങ്ങിയത്. ഇതില്‍ പ്രധാന കുളത്തിലാണു മത്സ്യകൃഷി ചെയ്യുന്നത്. രണ്ടാമത്തെ കുളം മത്സ്യ കുഞ്ഞുങ്ങളെയും വിളവെടുപ്പിന് തയാറായ മത്സ്യങ്ങളെയും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു. ഗിഫ്റ്റ് തിലോപി വിഭാഗത്തില്‍പെട്ട ചിത്രലാട എന്ന സങ്കരയിനം മത്സ്യങ്ങളെയാണു കൂടുതലായി വളര്‍ത്തുന്നത്.

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ അംഗീകാരത്തോടെയാണ് കൃഷി ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി മത്സ്യ യോജനയുടെ അംഗീകാരവും ഈ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. 4 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. പിഎംഎവൈ പദ്ധതിയുടെ ഭാഗമായി ഗ്രോ ബെഡ്, പന്തല്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. പൂര്‍ണമായും ജൈവ രീതിയില്‍ ഉണ്ടാക്കിയതാണ് മത്സ്യകൃഷി. വിപണിയാണ് മത്സ്യ കൃഷിക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്നും അതുകൂടി പരിഹരിച്ചാല്‍ നല്ല വരുമാനം ഉണ്ടാകുമെന്നും അധികൃതരില്‍ നിന്നു നല്ല പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നതായും ധനീഷ് പറഞ്ഞു.