ലോക്ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ നടപടി


കോഴിക്കോട്: ശനിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നഗരപരിധിയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരേ കർശനനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതിനായി ആയിരത്തോളം പോലീസുദ്യോഗസ്ഥരെ വിന്യസിച്ചു. പ്രധാനപ്പെട്ട 75 സ്ഥലങ്ങളിൽ വാഹന പരിശോധനയും കോവിഡ് പ്രോട്ടോക്കോൾ ലംഘന പരിശോധനയും നടത്തും.

നിയമലംഘകർക്കെതിരേ കെ.ഇ.ഡി.ഒ. നിയമപ്രകാരം നടപടി സ്വീകരിക്കുകയും അനാവശ്യമായി യാത്രചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. നഗരപരിധിയിൽ വെള്ളിയാഴ്ച മാസ്ക് ധരിക്കാത്തതിന് 513 കേസും സാമൂഹിക അകലം പാലിക്കാത്തതിന് 259 കേസുകളും ഉൾപ്പെടെ 973 കേസുകൾ രജിസ്റ്റർചെയ്തു. കൂടാതെ അനാവശ്യയാത്ര നടത്തിയ 206 വാഹനങ്ങളും പിടിച്ചെടുത്തു.