ലോകസിനിമിയില്‍ മലയാളത്തെ അടയാളപ്പെടുത്തിയ ചലച്ചിത്രകാരന്‍; എണ്‍പതിന്‍റെ നിറവില്‍ അടൂർ ഗോപാലകൃഷ്ണന്‍


ടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് എണ്‍പതാം പിറന്നാള്‍. ലോകത്തിന് ഇന്ന് അടൂര്‍ എന്നാല്‍ ഒരു സ്ഥലപ്പേരല്ല. മലയാള സിനിമയുടെ വിലാസം തന്നെയാണ്. മലയാളം എന്നൊരു ഭാഷയുണ്ടെന്ന് ലോകത്തെ അറിയിച്ചയാള്‍ എന്നു അടൂരിനെ നിസംശയം വിളിക്കാം. എണ്‍പതു തികയുന്നത് മലയാളി മനസ്സില്‍ പ്രണയമുണ്ടാക്കിയ ആള്‍ക്കാണ്.

അരനൂറ്റാണ്ടിലധികം കാലം മലയാള സിനിമയുടെ വിധേയനായി ജീവിച്ച അടൂര്‍ മലയാള സിനിമായുടെ കലയും ചരിത്രവും തിരുത്തിക്കുറിച്ച സംവിധായകരില്‍ അദ്വിതിയനാണ്. 1930ല്‍ പുറത്തിറങ്ങിയ ജെസി ഡാനിയലിന്റെ വിഗതകുമാരനില്‍ നിന്നു തുടങ്ങുന്ന മലയാള സിനിമയുടെ ചരിത്രത്തെ ലോകസിനിമയുടെ നെറുകയിലേക്ക് ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍.

അത്രയേറേ ആകാംക്ഷ ഉയര്‍ത്തുന്ന ഒരു ഇന്‍ട്രോ ആദ്യമായിരുന്നു ഇന്ത്യന്‍ സിനിമയില്‍. അതും സംഗീതത്തിന്റെ പൊടിപോലും ഇല്ലാതെ സ്വാഭാവിക ശബ്ദങ്ങള്‍ മാത്രം ഉപയോഗിച്ച്. നാലു ദേശീയ പുരസ്‌കാരങ്ങളുമായി അടൂര്‍ എന്ന വിശ്വചലച്ചിത്രകാരന്‍ വരവറിയിച്ച സിനിമ. ആഗോള സിനിമ ഒരു മരണരംഗത്തിന്റെ സ്വാഭാവികത കണ്ട് അമ്പരന്നു നിന്നു, ആ സിനിമയുടെ ക്ലൈമാക്സില്‍.

എട്ടാം വയസ്സില്‍ നാടകാഭിനയം തുടങ്ങിയ ഒരാള്‍ സ്വയംവരത്തിലൂടെ തന്റെ ജന്മദൗത്യം ലോകത്തെ അറിയിക്കുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രണ്ടു സഹപാഠികള്‍ക്കൊപ്പം ചേര്‍ന്ന് ആര്‍എന്‍ജി എന്ന നാടകക്കമ്പനി തുടങ്ങി. പിന്നെ കൈനിക്കര കുമാരപിളളയുടെ നാടകത്തില്‍ യൂദാസായുള്ള അഭിനയം. ശേഷം ജി ശങ്കരപ്പിള്ളയുടെ കീഴില്‍ മധുര ഗാന്ധിഗ്രാമില്‍ നിന്നു കിട്ടിയ നാടകപാഠങ്ങള്‍.

അറുപതുകളുടെ ആദ്യമാണ് ഹൃദയത്തില്‍ നാടകവുമായി സഞ്ചരിച്ച ഒരു തലമുറയില്‍ നിന്ന് അടൂര്‍ ഗോപാലകൃഷണന്‍ പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയത്. ബംഗാള്‍ സിനിമയുെട നവോത്ഥാന നായകരിലൊരാളായ ഋത്വിക്ക് ഘട്ടക്ക് അന്ന് പൂനാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായിരുന്നു. സത്യജിത് റായിയും മൃണാള്‍സെന്നും വഴികാട്ടികളും. മലയാളത്തിന് ഒരുപക്ഷേ ഒരു റായിയോ ഘട്ടക്കോ മൃണാള്‍സെന്നോ ഇല്ലാത്ത അഭാവം നികത്തിയത് അടൂരാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.

1965-ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണന്‍ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖയിലൂടെയാണ് ചലച്ചിത്ര സ്വപ്നങ്ങള്‍ക്ക് അടിവേരിട്ടത്. മലയാളത്തിലെ ആദ്യത്തെ നവതരംഗ സിനിമയായ സ്വയംവരം പിറന്നത് ചിത്രലേഖയുടെ ബാനറിലൂടെയായിരുന്നു. വാണിജ്യസിനിമയുടെ ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ സമാന്തരമായി മലയാളത്തില്‍ മറ്റൊരു ചലച്ചിത്രാഖ്യാനരീതി ദൃശ്യമായത് സ്വയംവരത്തിലൂടെയായിരുന്നു. മധുവും ശാരദയും മുഖ്യകഥാപാത്രങ്ങളായി സ്വയംവരം മലയാളത്തിന് അതുവരെ കാണാത്ത മറ്റൊരു ചലച്ചിത്ര സംസ്‌കാരത്തെയായിരുന്നു തിരശ്ശീലയില്‍ അനശ്വരമാക്കിയത്.

1977ല്‍ കൊടിയേറ്റവും 81ല്‍ എലിപ്പത്തായവും 84ല്‍ മുഖാമുഖവും 87ല്‍ അനന്തരവും പുറത്തുവന്നതോടെ അടൂരിന്റെ പ്രസിദ്ധി മലയാളത്തിന്റെ എളിയ മതില്‍ക്കെട്ടിനപ്പറുത്തേക്ക് കടന്ന് വിശ്വത്തോളം പരന്നു. 1989ല്‍ ബഷിറിന്റെ മതിലുകള്‍, 93ല്‍ വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത് തുടങ്ങി അടൂര്‍ മലയാള സിനിമയില്‍ സൃഷ്ടിച്ച ഭാവുകത്വ വസന്തത്തിന് ഇപ്പോഴും കൊടിയേറ്റങ്ങളേയുള്ളൂ, ഇറക്കങ്ങളില്ല.

സിനിമ എപ്പോഴും സംവിധായകന്റെ കലയാണെന്ന് ആഴത്തില്‍ അനുഭവപ്പെടുന്ന സിനിമകളായിരുന്നു അടൂരിന്റേത്. അടൂര്‍ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ എല്ലാം. അപ്പോഴും വ്യക്തിത്വമുള്ള കഥാപാത്രങ്ങളിലൂടെ ഉജ്ജ്വലരായ നടന്മാരെയും അടൂര്‍ സൃഷ്ടിച്ചിട്ടുണ്ട്- ഭരത്ഗോപിയെയും കരമന ജനാര്‍ദ്ധനന്‍നായരെയും പോലുള്ള നടന്മാരെ. മധുവും മമ്മൂട്ടിയുമെല്ലാം അടൂര്‍ സിനിമയുടെ വേറെ അല്‍ഭുതാനുഭവങ്ങളായിരുന്നു. അതിനപ്പുറം തനിക്കുമാത്രമായൊരു ഛായാഗ്രഹനെയും അദ്ദേഹം സൃഷ്ടിച്ചു- മങ്കട രവിവര്‍മ്മ.

മലയാളത്തിന്റെ ദാദാസാഹെബ് ഫാല്‍കെയാണ് അക്ഷരാര്‍ത്ഥത്തില്‍ അടൂര്‍. 2004ലാണ് രാജ്യം അടൂരിനെ ഇന്ത്യന്‍ സിനിമയുടെ പിതാവിന്റെ പേരിലുള്ള പുരസ്‌കാരത്തിലൂടെ ആദരിച്ചത്. പത്മശ്രീയും ജെസി ഡാനിയല്‍ അവാര്‍ഡും ഉള്‍പ്പെടെ നിരവധിയായ ദേശിയ സംസ്ഥാന പുരസ്‌കാരങ്ങളും വേറെ. ഫ്രാന്‍സില്‍ നിന്നും ലണ്ടനില്‍ നിന്നും ഉള്‍പ്പെടെ രാജ്യാന്തര ബഹുമതികളും. മലയാളികള്‍ ഉള്ളിടത്തെല്ലാം അടൂര്‍ മലയാള സിനിമയുടെ തലപ്പൊക്കമായി അറിയപ്പെടുന്നതിനേക്കാള്‍ വലിയൊരു ആദരവും ഇനി അദ്ദേഹത്തെ തേടിയെത്താനില്ല