ലൈഫ് മിഷനിൽ വീടിന് അപേക്ഷിക്കാനുള്ള തിയ്യതി ഫെബ്രുവരി 20 വരെ നീട്ടി


തിരുവനന്തപുരം: ലൈഫ് മിഷനിൽ വീടിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 20 വരെ നീട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും, സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യം.

ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭവനപദ്ധതികള്‍ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.

പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അദ്ധ്യക്ഷനുമായ സംസ്ഥാനതല പാര്‍പ്പിടമിഷന്‍ രൂപീകരിച്ചിട്ടുണ്ട്.