ലെറ്റ്‌സ് ഫുട്‌ബോള്‍: ഐ.എസ്.എല്‍ പുതിയ സീസണിന് ഇന്ന് തുടക്കം; ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സും മോഹന്‍ ബഗാനും തമ്മില്‍ (വീഡിയോ കാണാം)


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. ആദ്യമത്സരത്തില്‍ മലയാളികളുടെ സ്വന്തം മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. മഡാഗാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7:30 നാണ് മത്സരം.

ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമായിട്ടും നിരാശയേകുന്ന പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മുന്‍ സീസണുകളില്‍ കാഴ്ച വച്ചത്. അതിനാല്‍ തന്നെ ഈ സീസണില്‍ ശക്തമായി തിരിച്ചു വരേണ്ടത് ടീമിന്റെ ആവശ്യമാണ്. വിജയം ലക്ഷ്യമിട്ട് അടിമുടി മാറ്റങ്ങളോടെയാണ് മഞ്ഞപ്പടയെത്തുന്നത്.

കരുത്തരായ ടീമാണ് എ.ടി.കെ മോഹന്‍ ബഗാന്‍. പരിശീലകന്‍ അന്റോണിയോ ഹെബാസിന്റെ കീഴില്‍ മുന്നേറ്റത്തിലും പ്രതിരോധത്തിലുമെല്ലാം മോഹന്‍ ബഗാന്‍ മുന്നില്‍ തന്നെയാണ്. എന്നാല്‍ കേരളവുമായി ഏറ്റുമുട്ടുമ്പോള്‍ തീ പാറുന്ന മത്സരമാണ് നടക്കുക എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഓരോ ഗോള്‍ നേടുമ്പോഴും അതിന് 14 ഇരട്ടി സന്തോഷമുണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. കാരണം, ബ്ലാസ്റ്റേഴ്‌സ് അടിക്കുന്ന ഓരോ ഗോളിനും 14 വൃക്ഷത്തൈകള്‍ വീതം നടാനാണ് ആരാധകക്കൂട്ടമായ മഞ്ഞപ്പട തീരുമാനിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയായാണ് ഈ തീരുമാനമെന്ന് മഞ്ഞപ്പട പറയുന്നു.

ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനും കേരളത്തിലെ ഓരോ ജില്ലയിലും ഒരു തൈ വീതമാണ് നടുക. ജില്ലാ തല കൂട്ടായ്മകള്‍ക്കാണ് ഇതിന്റെ ചുമതല. പൊതുസ്ഥലങ്ങളില്‍ നടുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഗോള്‍ ആഘോഷത്തെ പ്രകൃതി സ്‌നേഹവുമായി സംയോജിപ്പിക്കുന്ന മാതൃക വളരെ അപൂര്‍വ്വമാണ്.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.