ലുലു ഗ്രൂപ്പിന്റെ പേരിൽ തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് മാനേജ്‌മെന്റ്


കോഴിക്കോട്: ലുലു ഗ്രൂപ്പിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഓഫറുകളില്‍ വഞ്ചിതരാകരുതെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണല്‍ മുന്നറിയിപ്പ് നല്‍കി. വാട്സ് അപ്പ് ഉള്‍പ്പടെയുളള സാമൂഹ്യ മാധ്യമങ്ങളില്‍ ലുലുവിന്റേതെന്ന പേരില്‍ വ്യാജ ഓഫറുകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടർ വി നന്ദകുമാർ വാർത്താകുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാജ വെബ് സൈറ്റ് ലിങ്കാണ് പ്രചരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിന്റെ ഇരുപതാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായുളള ഓഫറാണെന്നാണ് പ്രചരണം. വെബ്‌സൈറ്റില്‍ കയറിയാല്‍ ചോദ്യങ്ങളുണ്ട്. അതിന് ശേഷം ഹുവായ് മാറ്റ് 40 പ്രോ സ്വന്തമാക്കാന്‍ ലിങ്ക് അഞ്ച് ഗ്രൂപ്പുകളിലേക്കും ഇരുപത് സുഹൃത്തുക്കള്‍ക്കും വാട്‌സ്അപ്പ് ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് പരസ്യം. ഇത്തരത്തിലുളള സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും ബാങ്ക് അക്കൗണ്ട്, കാർഡ് നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും വി നന്ദകുമാർ ഓ‍ർമ്മിപ്പിച്ചു.