ലാബ് പരിശോധന ഇനി വീട്ടിലിരുന്ന് നടത്താം; മെഡി ഹോം പദ്ധതിയുമായി കീഴരിയൂര്‍ പഞ്ചായത്തിലെ 12 വാര്‍ഡ്, ആവശ്യമരുന്നുകളും വീട്ടിലെത്തിക്കും
പേരാമ്പ്ര: കോവിഡ് കാലത്ത് പുറത്തുപോയി മെഡിക്കല്‍ പരിശോധന നടത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കായി വീടുകളിലെത്തി ലാബ് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി കീഴരിയൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് വികസന സമിതി. വാര്‍ഡില്‍ നടപ്പാക്കുന്ന അതിജീവനം സമഗ്ര ആരോഗ്യരക്ഷാ പരിപാടിയുടെ ഭാഗമായാണ് മെഡി ഹോം പദ്ധതി നടപ്പിലാക്കുന്നത്.
മെഡി ഹോം പദ്ധതിയില്‍ പള്‍സ് പരിശോധന, രക്തസമ്മര്‍ദം, പ്രമേഹം, ഓക്സിജന്‍ തുടങ്ങിയ പരിശോധനകള്‍ ചെറിയ തുക ഈടാക്കി വീടുകളില്‍തന്നെ നടത്തും. മറ്റു പരിശോധനകള്‍ വേണമെങ്കില്‍ അതിനും സൗകര്യമൊരുക്കും.
ആളുകള്‍ക്കുവേണ്ട അവശ്യ മരുന്നുകളും വീട്ടിലെത്തിച്ചു നല്‍കും. ഇതിനായി ലാബ് ടെക്നീഷ്യനെ നിയോഗിച്ചു. ആഴ്ചയില്‍ ഒരു ദിവസമാണ് വീടുകള്‍ സന്ദര്‍ശിക്കുക. പിന്നീട് കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കും. കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.ആര്.കെ മുഹമ്മദ് അഷറഫ് ആദ്യ പരിശോധന നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.സുരേഷ് അധ്യക്ഷനായി. കെ.മുരളീധരന്, ദിനീഷ് ബേബി, കെ.സി രാജന് എന്നിവര്‍ സംസാരിച്ചു.